താങ്ക് ഗോഡ്.എല്ലാ മലയാളം പടങ്ങളും ഈ ഇടെ ആയി തുടങ്ങുന്നത് ഇങ്ങനെ ആണ്.എന്റെ അറിവിൽ അതൊരു പ്രാർത്ഥനയോ ദൈവത്തിനോടുള്ള നന്ദി പ്രകടനമോ അല്ല മറിച്ചു ഒരു ദീർഘനിശ്വാസമാണ്, എന്തോ ആപത്തിൽ നിന്ന് രക്ഷപെട്ടവരുടെ വികാരപ്രകടനം.
ഓണത്തിന് ഇറങ്ങിയ പടങ്ങളിൽ കൂട്ടത്തിൽ ഭേദം ആണെന്ന് കേട്ടിരുന്നു ആദം ജോൻ.എല്ലാ പടങ്ങൾക്കും തല വെച്ച് കൊടുക്കുന്ന ഞാൻ ഇതിനും വെച്ചില്ലേൽ ശെരി ആവില്ലലോ.അങ്ങനെ കൊണ്ട് വെച്ച് കൊടുത്തതിനു ശേഷം ഉണ്ടായ ചില ജല്പനങ്ങൾ ഇവിടെ വന്നു വാരി വിതറാൻ ഉള്ള ത്വര അടക്കാൻ ഒരു ദിവസം ഫുൾ ശ്രെമിച്ചു പക്ഷെ നടന്നില്ല. കർമ്മണ്യേ വാധികാരസ്തേ എന്നാണല്ലോ.
പടം ഹോളിവുഡ് നിലവാരത്തിൽ ആണെന്ന് ആണ് വെപ്പ്. എഴുതി പിടിപ്പിക്കുന്നത് പതിവ് പോലെ ഇംഗ്ലീഷിൽ വേണ്ട മലയാളത്തിൽ തന്നെ ആയേക്കാം എന്ന് തീരുമാനിച്ചത് കൂടുതൽ ലൈക്ക് കിട്ടുമല്ലോ എന്ന ദുരാഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്.അല്ലേൽ കുറെ ലവന്മാര് കേറി വരും മനുഷ്യൻ ഉണ്ടായ കാലം തൊട്ടു അടിക്കുന്ന കുറെ ഡയലോഗുമായി .പണ്ട് കുറച്ചു ഇംഗ്ലീഷ് പറഞ്ഞു പോയെൻറെ പേരിൽ നാട്ടുകാര് സോഷ്യൽ മീഡിയയിൽ കേറി നിരങ്ങിയ ഒരു നടന്റെ പടം ആണ് ഇത് എന്നത് തികച്ചും യാദൃശ്ചികം മാത്രം.
സെവൻത് ഡേ ഇസ്‌റ ആദം ജോൻ ഇതിൽ മൂന്നിലും പൃഥ്വിരാജ് ആണ് ഹീറോ.സംവിധായകർ പുതുമുഖങ്ങളും.യു സീ ദി അയണി ഡോണ്ട് യു ?ഇങ്ങനെയുള്ള പടങ്ങളിൽ ഗോസ്റ് ഡയറക്ഷൻ പൃഥ്‌വിരാജിന്റെ വക നടക്കുന്നു എന്ന ഒരു അർബൻ ലെജൻഡ് കുറച്ചു നാളായി വട്ടം കറങ്ങുന്നുണ്ടെങ്കിലും അത് ശെരി ആയിരിക്കാം എന്നും ഇതൊക്കെ ലൂസിഫർ എന്ന മോഹൻലാൽ പ്രോജെക്ടിലേക്കുള്ള പിച്ച വെപ്പുകൾ ആണ് എന്ന് ആദം ജോൻ കൂടെ കണ്ടപ്പോൾ തോന്നാതിരുന്നില്ല.പുള്ളി ഇടപെട്ടിട്ടുണ്ടെങ്കിൽ അതൊക്കെ ആ പടങ്ങളെ സഹായിച്ചിട്ടേ ഉള്ളു എന്നും ഞാൻ വിശ്വസിക്കുന്നു.നോയർ, ഒകൾട്ട് തീമുകളോട് പുള്ളിക് ഒരു അഭിനിവേശം ഉണ്ടെന്നു തോന്നുന്നു .ചിലപ്പോൾ സ്ക്കൂളിൽ പഠിക്കുമ്പോ വായിച്ചു കൂട്ടിയ മിസ്റ്ററി നോവെൽസിന്റെ സ്വാധീനം ആയിരിക്കാം.ഈ പടത്തിന്റെ കാര്യം പറഞ്ഞാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള പ്രശ്നബാധിത പ്രദേശങ്ങളിൽ കുട്ടികളുടെ മരണങ്ങൾ നിത്യസംഭവങ്ങൾ ആവുകയും അതിനെ collateral damage ആയി കാണുന്ന ഭരണകൂടങ്ങളും ഭരണാധികാരികളും രാഷ്ട്രീയക്കാരും നിഷ്പക്ഷ നിരീക്ഷകരും മാധ്യമങ്ങളൂം നയിക്കുന്ന ഈ കാലത്തു കുറച്ചു സാത്താൻ ആരാധകരെ ഭീകരന്മാരായി ചിത്രീകരിച്ചു പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താം എന്ന ചിന്ത തികച്ചും ബാലിശമായി തോന്നുന്നു എനിക്ക്.രാവിലെ ന്യൂസ് വെച്ചാൽ കാണാം ഇതിലും ഭീകരത നിറഞ്ഞ സംഭവങ്ങൾ .അതൊക്കെ കണ്ടു പതം വന്നു ഇരിക്കുമ്പോളാണു കുങ് ഫു പഠിച്ച കുറെ ഹൈ പ്രീസ്റ്റുകൾ അന്തി കുർബാനേം കൊണ്ട് കെട്ടി എടുത്തിരിക്കുന്നത്.
ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചിട്ടു ഇൻസ്പയർ ആയി എഴുതിയ കഥ ആണെന്ന് തോന്നുന്നു.പടത്തിൽ ഏറ്റവും താല്പര്യം തോന്നിയത് ഇട്ടിക്കോരയിൽ പറഞ്ഞിട്ടുള്ള പോലുള്ള കേരളത്തിലെ ചില കുടുംബങ്ങളെ കുറിച്ചുള്ള ചില പരാമർശങ്ങളാണ് .പക്ഷെ ഹോളിവുഡ് നിലവാരത്തിൽ എത്തിക്കാൻ ഉള്ള പടം ആയ കൊണ്ട് അതിന്റെ ഒന്നും പുറകെ അധികം പോവാതെ ബെൻസും റേഞ്ച് റോവറും മാസ്റ്റങ്ങും ഹാർലി ഡേവിഡ്സണും അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കാനും ഒരു സ്ലോ മോഷൻ ഫയിറ്റ് നടത്തി കുറച്ചു മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാനും ആണ് ഡയറക്ടർ തീരുമാനിച്ചത് .പൂർണമായും ഒരു ഹോളിവുഡ് പടം ആയി മാറി മലയാളി പ്രേക്ഷകരെ alienate ചെയ്യാതിരിക്കാൻ ആണെന്ന് തോന്നുന്നു ഇടക്ക് ഒരു കൊച്ചി ഫ്ലാഷ്ബാക്ക്.കാമറയും കളർ ഗ്രേഡിങ്ങും കൊണ്ട് ഒരു സ്വീഡിഷ് അല്ലെങ്കിൽ ഡച്ച് ത്രില്ലറിന്റെ ലുക്ക് പടത്തിനു ഉണ്ടാക്കിട്ടുണ്ട് എന്നത് ശെരി തന്നെ.കഥയും ലൊകേഷനും ബ്രോഡ്‍ചർച് തൊട്ടു ഹിന്റർലാൻഡ് വരെ ഉള്ള യൂറോപ്യൻ ഷോസിനെയും ഓർമിപ്പിച്ചു.അകിര കുറൊസാവ ലോക നിലവാരം ഉള്ള പടങ്ങൾ എടുത്തത് ജപ്പാൻകാരെ യൂറോപ്പ്പിലും അമേരിക്കയിലും കൊണ്ട് പോയി പടം എടുത്തിട്ടില്ല എന്ന് കൂടി ഇവിടെ വെറുതെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.ഫോർ ഹൊറർ.
നായകൻ വില്ലനെ അവസാനം ഇടിച്ചു ഒതുക്കണം എന്ന കൺസെപ്റ്റ് ഇവിടെ വിട്ടു കളഞ്ഞിട്ടല്ല എന്നത് ഈ “ക്ലാസ്” പടത്തിന്റെ മറ്റൊരു പ്രത്യേകത ആണ്.ഈ കലാരൂപത്തെ അന്യം നിന്ന് പോകാതെ കാത്തു സൂക്ഷിച്ച അണിയറ പ്രവർത്തകരെ നന്ദിയോടെ സ്മരിക്കുന്നു.ലൂസിഫറിന് കാസനോവയുടെ അവസ്ഥ വരരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരികുന്നു.നന്ദി,സർകാസം.