നന്പകൽ നേരത്തു മാത്രമല്ല പല നേരത്തും പല സന്ദർഭങ്ങളിലും മയങ്ങി പോയിട്ടുള്ള എനിക്ക് ഈ പേര് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് എന്റെ തന്നെ ഒരു നൻപകൽ നേരത്തെ പഴയ ഒരു മയക്കമാണ്. ഇത് പോലാരു നൻപകൽ നേരത്ത് മയക്കത്തിൽ നിന്ന് ഞെട്ടി ഉണരുമ്പോൾ കൈയിൽ ഒരു വണ്ടിയുടെ സ്റ്റിയറിങ്. മുന്നിലൊരു റോഡ്. വീണ്ടും ഞെട്ടിയത് സൈഡിൽ ഇരുന്നു മയങ്ങുന്ന ഡ്രൈവിങ് ആശാനെ കണ്ടപ്പോഴാണ്. നൻപകൽ നേരമായതു കൊണ്ടും റോഡ് വിജനമായിരുന്നു എന്നത് കൊണ്ടും വീണ്ടും ഞെട്ടേണ്ടി വന്നില്ല. പ്രായം ചെന്ന മനുഷ്യൻ അല്ലേന്ന് കരുതി ഞാനും പുള്ളിടെ മയക്കത്തെ തടസ്സപ്പെടുത്താൻ പോയില്ല. അതിപ്പോ ഭക്ഷണമൊക്കെ കഴിച്ചു നൻപകൽ നേരത്തു ഒരു വണ്ടീൽ കേറി ഇരുന്നാൽ ഏത് മമ്മൂട്ടി ആയാലും മയങ്ങി പോകും എന്ന് പടം കണ്ടപ്പോ മനസിലായില്ലേ.
മലയാള സിനിമയിലെ സമ്പ്രദായങ്ങൾക്ക് വിപരീതമായി പ്രചോദനമാവാൻ കാരണമായ ഒരു സൃഷ്ടിയെ പരാമർശിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ആമേനിൽ കാണാഞ്ഞ ഒരു കുമ്പസാരം. അതിൽ തന്നെ ലിജോ ജോസ് പെല്ലിശ്ശേരി സിനിമയെ കുറിച്ചു പറയാനുള്ളതെല്ലാം പറയുന്നുണ്ട്. ആ പരസ്യവും പിന്നെ പുള്ളി കണ്ട കഥാപത്രങ്ങളും ജീവിതങ്ങളും.പിന്നെ ഒരു തിരുക്കുറലും ഒടുവിൽ അല്പം ചുരുളിയും. ഒരു വിഭാഗം മലയാള സിനിമാ പ്രേക്ഷകരെയെങ്കിലും ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിക്കാൻ ലിജോ ജോസിനും എസ് ഹരീഷിനും ഇത് തന്നെ ധാരാളം. പിന്നെ മമ്മൂട്ടി എന്ന പേരും. ആ പരസ്യം കണ്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷെ പൂർണമായും പുതുമയുള്ള അനുഭവമായിരുന്നേനെ. ലിജോയുടെ തന്നെ നാടക പശ്ചാത്തലവും സിനിമയിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. തിലകൻ ചേട്ടനെ വിളിച്ചറിയിച്ചിട്ടുണ്ട് എന്ന് ഡ്രൈവർ പറയുമ്പോഴും വണ്ടിയിലെ ബോർഡിലെ നാടകത്തിൽ തിലകൻ എന്ന പേരിന്റെ സാന്നിധ്യവും കണ്ടപ്പോൾ തോന്നിയത് ഇതൊരുപക്ഷേ ലിജോയുടെ ഒരു ഇത് വരെയുള്ള സൃഷ്ടികളിൽ പുള്ളിയുടെ ജീവിതത്തിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ചിത്രവും ആയിരിക്കാം എന്നാണ് .വിപിൻ അറ്റ്ലിയുടെ കഥാപാത്രം ലിജോ തന്നെയാണോ എന്നുമൊരു ചിന്ത വരാതെയിരുന്നില്ല. അങ്കമാലി ഡയറീസ് തൊട്ടു ഓടിക്കൊണ്ടിരുന്ന ലിജോയുടെ സിനിമകളിലെ ഫ്രെയിമുകളെയും ക്യാമെറയയെയും തേനി ഈശ്വറിനെ കൂട്ടുപിടിച്ചു തളച്ചിടാൻ ഒരു ബോധ പൂർവമായ ശ്രെമം ഉണ്ടായിരുന്നു എന്ന് ലിജോ ഒരു അഭിമുഖത്തിൽ തമാശ രൂപേണ പറഞ്ഞിരുന്നെങ്കിലും ഈ സിനിമയ്ക്ക് ഏറ്റവും യോജിച്ച ചലച്ചിത്ര ഭാഷയാണ് ഇവിടെ അവർ സാത്‌ഷാകരിച്ചിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ നീണ്ടു പോകാനുള്ള കാരണം ഒരുപക്ഷെ സിനിമയുടെ പശ്ചാത്തല ശബ്ദങ്ങൾ ആയിരിക്കാം എന്ന് ഇപ്പോൾ തോന്നുന്നു. സന്ദര്ഭങ്ങൾക്കു ചേർന്ന പഴയ തമിഴ് സിനിമ സംഭാഷണങ്ങളും ഗാനങ്ങളും കണ്ടു പിടിക്കാൻ തന്നെ ഒരു വൻ പരിശ്രമം ഉണ്ടായിരുന്നിരിക്കാം എന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നുന്നു.കഥയിൽ കാണുന്നത് പോലെ ഭാഷയുടെയും സംസ്കാരത്തിന്റെയുമൊക്ക അതിർവരമ്പുകളെ ഭേദിച്ചു ഒരു സന്ദർഭത്തിൽ പരസ്പരം സഹായിക്കുന്ന പോലെയായിരിക്കാം ഈ പശചാത്തല ശബ്‍ദവും സൃഷ്ടിക്കപ്പെട്ടത്.
ചുരുളി പോലെയൊരു തുറന്ന, പ്രേക്ഷകരുടെ മനോധര്മത്തിനു വിട്ടുകൊടുത്ത ഒരു ക്ളൈമാക്സ് ആണ് ഇതിന്റെയും എന്ന് തോന്നുന്നു. ഇതിനെ കുറിച്ചുള്ള ചർച്ചകളിൽ പ്രേക്ഷകർ അവരുടേതായ വ്യാഖ്യാനങ്ങൾ അവതർപ്പിക്കുമ്പോഴും ചർച്ച ചെയുമ്പോഴുമാണ് എഴുത്തുകാരനും സംവിധകായനും വിജയിക്കുന്നത്. വീട്ടിലിരുന്നു അവസാനമായി ഭക്ഷണം കഴിക്കുന്ന സുന്ദരത്തെ കാണിച്ച ശേഷം ലിജോ നമ്മളെ കാണിക്കുന്നത് കുറെ കാക്കളെയാണ്. ബലി തർപ്പണം ചെയുമ്പോൾ കൈ കൊട്ടി വിളിക്കുന്ന കാക്കകൾ ആത്മാക്കളാണെന്നാണല്ലോ വിശ്വാസം. തനിക്കു ആ വീട്ടിലും നാട്ടിലും ഇനി ഒരു സ്ഥാനമില്ല എന്ന് തിരിച്ചറിയുന്ന സുന്ദരത്തിന്റെ ആത്മാവ് ബലിച്ചോറു കഴിച്ചു യാത്രയാവുകയാണ് ചെയ്തതെന്ന് വേണമെങ്കിൽ കരുതാം. അമ്മയോടൊപ്പം അവസാനമായി ഇരിക്കുമ്പോൾ ടീവിയിൽ കേൾക്കുന്ന സംഭാഷണം സുന്ദരത്തിന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും സൂചനകൾ നൽകുന്നതാണ്. ടിവിയിലെ സിനിമയിലെ കഥാപാത്രം തന്നെ ചതിച്ച അമ്മാവന്റെയും അച്ഛന്റെയും കാര്യവും മറ്റൊരു കഥാപാത്രം ആദ്യ കഥാപാത്രത്തിന്റെ മരുമകനും സഹോദരനും തമ്മിൽ സംസാരിച്ച ഒരു വിവാഹത്തിന്റെയും കാര്യം പറയുന്നുണ്ട്. സുന്ദരത്തിന്റെ സഹോദര കഥാപത്രത്തിന്റെ പെരുമാറ്റം കണ്ടപ്പോൾ സുന്ദരത്തിന്റെ തിരോധാനത്തിന് പിന്നിൽ ഒരുപക്ഷെ അയാൾ ആയിരിക്കാം എന്ന് തോന്നി.അയാൾക്ക് മാത്രമല്ല ഒരു പക്ഷെ സുന്ദരത്തിന്റെ ഭാര്യ ഉൾപ്പടെ ആ വീട്ടിലെ പലർക്കും അതിൽ പങ്കുണ്ടായിരുന്നിരിക്കാം എന്നും ചില സംഭാഷണങ്ങൾ കേൾക്കുമ്പോൾ തോന്നി പോവുന്നുണ്ട്.
തികച്ചും ഡി -ഗ്ളാമറൈസ് ചെയ്ത ഒരു മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണുന്നത്. ക്രിസ്റ്റഫറിൽ കണ്ട മമ്മൂട്ടി അല്ല ഇത്. കാതലിൽ കാണാൻ പോകുന്ന മമ്മൂട്ടിയും അല്ല. ഡി എയ്‌ജിങ് ചെയ്‌തിട്ടും എഴുപത് വയസുള്ള ഡി നീറോ നിലത്തു കിടക്കുന്ന ഒരാളെ തൊഴിക്കാൻ കഷ്ടപെടുന്നത് ദി ഐറിഷ്മാനിൽ കണ്ടതാണ്.അതേ പ്രായമുള്ള മമ്മൂട്ടി ക്രിസ്‌റ്റഫറിലും ഭീഷമയിലുമൊക്കെ കാണിച്ച ശാരീരികമായ പ്രകടനം കാണുമ്പോളാണ് ഒരു നടൻ എന്ന നിലയിൽ ആഗോളതലത്തിൽ തന്നെ പുള്ളി എവിടെ നില്കുന്നു എന്ന തിരിച്ചറിവ് ഉണ്ടാവുന്നത്. നാൻ ഇന്ത ഊരുക്കാരൻ താൻ എന്ന് ആണയിടുന്ന രംഗങ്ങളിലും ഒടുവിൽ ഭക്ഷണം കഴിക്കുന്ന രംഗങ്ങളിലുമൊക്കെ മമ്മൂട്ടി എന്ന നടനിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന വികാര പ്രകടനങ്ങൾ കാണാമെങ്കിലും എന്റെ ശ്രെദ്ധ ആകർഷിച്ചത് നാൻ ഇന്ത ഊരുക്കാരൻ എന്ന് ആണയിട്ടു പറഞ്ഞിട്ട് നാട്ടുകാരെ വെല്ലുവിളിക്കുമ്പോൾ പുള്ളി കൊണ്ട് വരുന്ന തീവ്രതയാണ്. ആവനാഴി തൊട്ടു ബെസ്റ്റ് ആക്ടറിലെ ക്ളൈമാക്സിൽ വരെ കണ്ട ആ തീവ്രത. ഇത് കൊണ്ട് തന്നെയാണ് മമ്മൂട്ടി എന്ന നടന്റെ സിനിമകൾ പുള്ളിയുടെ മക്കളുടെ പ്രായമുള്ള നടന്മാരുടെ സിനിമകൾക്കിടയിലും പ്രസക്തമാവുന്നത്.
ഒരു പരിപൂര്ണത ഇത് വരെയുള്ള പുള്ളിയുടെ എല്ലാ സിനിമകളിലെയും അഭിനയ രംഗങ്ങളിൽ കണ്ടു ശീലിച്ചത് കൊണ്ടായിരിക്കാം ബസ് ഊണ് കഴിക്കാൻ നിർത്തി ആണുങ്ങളെല്ലാം വെള്ളമടിക്കുമ്പോൾ തമാശ പറയുന്ന ജെയ്മസ് ഒരു നിമിഷത്തേക്ക് ഏകാഗ്രത തെറ്റി ഫോർത്ത് വോൾ ബ്രേക്ക് ചെയ്തോ എന്ന സംശയം വന്നത്. മാറിയ കാലഘട്ടത്തിലെ സാങ്കേതിക വിദ്യകളുടെ സാന്നിധ്യത്തിൽ അഭിനേതാവ് എത്രയൊക്കെ ശ്രദ്ധിക്കണം എന്ന് മമ്മൂട്ടി തന്നെ ഒരിക്കൽ പറഞ്ഞാണ്. ഇതിൽ തന്നെ ഒരു എക്സ്ട്രാ നടന് അത് സംഭവിക്കുന്നുണ്ട്.ഒരു പക്ഷെ ആ നാട്ടിലെ തന്നെ ഒരു സാധാരണക്കാരൻ ആയിരുന്നിരിക്കാം അത്.
പിന്നെ മറ്റൊരു പ്രധാന ചോദ്യം കഥയിൽ ചോദ്യമില്ല എന്നിരിക്കെ തന്നെ സ്വന്തം ശബ്ദവും കൈകാലുകളും ശരീരവും കണ്ടാൽ സുന്ദരത്തിന് താൻ മറ്റൊരാളുടെ ശരീരത്തിലാണെന്നു മനസ്സിലാവില്ലേ എന്നതാണ്. എന്തിനു കണ്ണാടി കാണുന്ന വരെ കാത്തിരിക്കണം. ഇവിടെയാണ് സാമുവൽ ടെയ്‌ലർ കോളറിഡ്ജ് പണ്ട് പറഞ്ഞ സസ്‌പെൻഷൻ ഓഫ് ഡിസബിലിഫിന്റെ പ്രസക്തി. അത്യാവശ്യം ആകർഷകമായ ഒരു കഥ പറയാനുണ്ടെങ്കിൽ ഏത് പ്രേക്ഷകനും വായനക്കാരനും തന്റെ യുക്തിയേയും ചോദ്യങ്ങളേയും മാറ്റി വെയ്ക്കുമെന്നു. ഈ മ യൗവിനോടൊപ്പം നിൽക്കുന്ന ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് നൻപകൽ എന്നതാണ് എൻ്റെ അഭിപ്രായം. ചർച്ചകൾ പക്ഷെ അവസാനിക്കുന്നില്ല.അവിടെയാണ് ലിജോയുടെ വിജയവും.