കുറച്ചു വർഷം മുൻപ് വരെ ഞാൻ ഭക്ഷണം കഴിക്കാൻ ചെന്നിരിക്കുമ്പോ അതിപ്പോ രാവിലത്തെ കാപ്പി തൊട്ട് രാത്രി വരെ എന്തായാലും മുന്നിലിരിക്കുന്ന സാധനങ്ങൾ എങ്ങനെ മേശമേൽ എത്തി എന്നതിനെ കുറിച്ച് ഒരിക്കലും വ്യാകുലൻ ആയിട്ടില്ല.അഹങ്കാരം കൊണ്ടല്ല. വിവരക്കേട് കൊണ്ടാണെന്നു പറഞ്ഞാൽ ഒരു പക്ഷെ ശെരി ആയിരിക്കാം. വീട്ടില് ഊണിന് മീൻകറിയും മീൻ വറുത്തതും തോരനും മോരും മോരുകറിയും മെഴുക്കുവരട്ടിയും സാമ്പാറും ഒക്കെ വന്നാലും ബീറ്റ്റൂട്ട് വേണ്ടാരുന്നു പയറു മതിയെന്ന് അടുക്കളയിലേക്ക് ഒരു സങ്കോചവും കൂടാതെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഹോസ്റ്റലിൽ എത്തിയപ്പോ മെസ്സിൽ ചെന്ന് അവിടെ ഉള്ളത് എടുത്ത് കഴിക്കുമ്പോഴും അതിന്റെ ഉത്പത്തിയെ കുറിച് വീട്ടിലെ പോലെ ഞാൻ തന്നെ ഞാൻ ഉത്കണ്ഠാകുലൻ ആയിരുന്നില്ല. പാലായിൽ ചേടുത്തിയും സോബിച്ചനും ആയിരുന്നെങ്കിൽ തിരുവനന്തപുരത്തു ചേട്ടനും വിമലും ആയിരുന്നു അന്നം തന്നിരുന്നത് . അവരുടെ പരിമിതികൾ എന്താണെന്നു പക്ഷെ ബോധം ഉണ്ടാരുന്ന കൊണ്ട് പരാതി പറഞ്ഞിട്ടില്ല. കിട്ടിയത് തിന്ന് സൈഡിൽ ഇരുന്നു. പക്ഷെ അവിടെയും ഇതൊക്കെ ഉണ്ടാക്കുന്നതിന്റെ പാടിനെ കുറിച്ച് ഒരു ധാരണ ഇല്ലായിരുന്നു. ഇവിടേം അഹങ്കാരം അല്ലാരുന്നു. ബോധമില്ലായ്മ ആണെന്ന് നിങ്ങൾ പറഞ്ഞാൽ പക്ഷെ ഞാൻ നിഷേധിക്കില്ല.
കോളേജിന് ശേഷം ഹോട്ടലുകളിൽ ആയിരുന്നു അഭയം തേടിയത്. താമസിച്ച അപ്പാർട്മെന്റിൽ ഉണ്ടായിരുന്ന ഇൻഡക്ഷൻ സ്റ്റോവ് പ്രവർത്തിപ്പിച്ചിരുന്നത് മിക്കവാറും സെക്യൂരിറ്റി പണി ചെയ്‌തിരുന്ന അബുക്ക ആയിരുന്നു, കട്ടൻ ഉണ്ടാക്കാൻ. കടല് കടക്കുന്ന വരെ ചായ ഉണ്ടാക്കാൻ അല്ലാതെ ഞാൻ അടുക്കളേൽ കേറീട്ടില്ലാരുന്നു. അല്ല അല്ലറ ചില്ലറ പരീക്ഷണങ്ങൾ നടത്താൻ കയറിയത് കരിമ്പിൻ കാട്ടിൽ കയറി എന്ന് പറയപ്പെടുന്ന പഴയ ആ ആനയെ പോലെ ആയിരുന്നു. അങ്ങനെ സാഹചര്യങ്ങളുടെ വൈകിയ സമ്മർദം മൂലം ഞാൻ ഒടുവിൽ അടുക്കളേൽ കേറി ചോറ് വെക്കാൻ തുടങ്ങി. കൂടെ ഒരു കറി വെച്ച് വരുമ്പോഴേക്കും ക്ഷെമ നശിച്ചു തുടങ്ങി. ആ കറി മിക്കവാറും ചെറുപയറ് ആയിരുന്നു. അത് സ്ഥിരം ആയെങ്കിലും വിശപ്പിനു മുന്നിൽ മടുപ്പിന് സ്ഥാനം ഇല്ലാത്ത കൊണ്ട് അത് തുടർന്നു. മീൻ കറി വെക്കാം എന്ന് വിചാരിച്ചാൽ ക്ളീനിങ് ഓർക്കുമ്പോൾ വേണ്ടാന്ന് വെക്കും. അതിപ്പോ മീൻ വറുക്കാൻ ആണേലും ഇത് തന്നെ അവസ്ഥ. ഇടയ്ക്കു ഞാൻ ഓണക്കമീനിൽ അഭയം തേടി. ഒരു ഭ്രാന്തനെ പോലെ .തോരൻ ഒരു സ്വപ്നം ആയി നിലകൊണ്ടു. ചോറ് തൈര് ചെറുപയറ് ചെറുപയറ് തൈര് ചോറ്. ഇതായിരുന്നു കുറെ നാള്. ചപ്പാത്തി ആക്കാം എന്ന് കരുതി ഇടയ്ക്ക്. മാവ് കുഴച്ചു തുടങ്ങിയപ്പോൾ അല്ലെ ഈ പണി സ്ഥിരം ആയി ചെയ്‌താൽ ഡംബൽ എടുക്കണ്ട എന്ന് മനസിലായത്. ഈ വിഷയം പറഞ്ഞു തുടങ്ങിയാൽ തീരില്ല എന്ന് അറിയാം.
കോടിക്കണക്കിനു ജനങ്ങൾ പട്ടിണിയിൽ ജീവിക്കുന്ന ഈ ലോകത്തു ഈ പറഞ്ഞത് അഹങ്കാരം തന്നെ ആയിരിക്കാം പക്ഷെ നാള് ഇത് വരെ എനിക്ക് വെച്ച് വിളമ്പി തന്ന എല്ലാവരോടും ഒരു വലിയ നന്ദി പറഞ്ഞില്ലേൽ അതിലും വലിയ അഹങ്കാരം ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു. ഇത് ഞാൻ എഴുതി പിടിപ്പിക്കുമ്പോൾ തന്നെ ഇന്നത്തെ അടുക്കളയിലെ പയറ്റിന്റെ ബാക്കി പാത്രങ്ങൾ കഴുകി കഴിഞ്ഞു കാണില്ല പല അമ്മമാരും കുഞ്ഞമ്മമാരും അമ്മൂമ്മമാരും ചേച്ചിമാരും ജോലിക്കാരും.അതൊക്കെ കഴുകി കഴിഞ്ഞാണോ അവരൊക്കെ നാളത്തേക്ക് അപ്പത്തിന്റേം ദോശേടേം മാവ് പുളിക്കാൻ വെക്കുന്നതെന്നോ കടല കുതിർക്കാൻ വെള്ളത്തിലിടുന്നെന്നോ ഇപ്പോഴും എനിക്ക് നിശ്ചയമില്ല. അത് കഴിഞ്ഞു അടുത്ത ദിവസം വീണ്ടും ഇതേ പയറ്റ്. മാർക്ക് സക്കർബെർഗ് ഫേസ്‌ബുക്കും സ്റ്റീവ് ജോബ്സ് ഐഫോണും ഉണ്ടാക്കി കാണും. പക്ഷെ കേരളത്തിലെ അല്ലെങ്കിൽ മലയാളികൾ എവിടെ ആയാലും ഉള്ള വീടുകളിലെ അടുക്കളകിൽ ദിവസും നിർത്താതെ ആവർത്തിച്ച് കൊണ്ടിരിക്കുന്ന ഈ ഭക്ഷണം പാകം എന്ന പ്രക്രിയക്ക് മുന്നിൽ അവരൊക്ക നിഷ്പ്രഭരാവും എന്ന് ഞാൻ പറഞ്ഞാൽ അതിൽ അതിയശയോക്തി ഉണ്ടെന്നു നിങ്ങൾ പറയുമോ? Relax, it’s a rhetorical question.
നിങ്ങളുടെ ഈ ബ്ലോഗ് വായിച്ചപ്പോൾ എനിക്ക് അമ്മ യുണ്ടാക്കി തരുന്ന തോരൻ, അവിയൽ, തുടങ്ങി ചമ്മന്തി ഇവയെ കുറച്ചു യുള്ള ചിന്തകൾ ആണ് എന്നിൽ എത്തിയത്. അമ്മ യുണ്ടാക്കി തരുന്ന പഷണം അത് ഒന്ന് വേറെ തന്നെ. അത് ഇവിടെ നിന്നും കിട്ടും യില്ലാ. താങ്ക്സ് ഗോപകുമാർ സർ
LikeLiked by 1 person
നൊസ്റ്റാൾജിയ അടിപ്പിച്ചല്ലോ മാഷെ
LikeLiked by 1 person