Spoilers…???
നാട്ടുകാര് ആൾകൂട്ടമാണ് പൊതുവെ നാറികളാണ്. പക്ഷെ നിഷ്കളങ്കതയും നന്മയും മാത്രം തുളുമ്പുന്ന നാട്ടുകാരെയാണ് ഇത് വരെയുള്ള ബേസിൽ ജോസെഫ് സിനിമകളിൽ കണ്ടിട്ടുള്ളത്. പെരുവണ്ണാപുരത്തെ വിശേഷങ്ങളിലും പൊന്മുട്ടയിടുന്ന താറാവിലുമൊക്കെ കണ്ട നാട്ടുകാരും നാടുകളുമാണ് ബേസിൽ ജോസെഫ് എന്ന സംവിധായകന്റെ “റോസ്‌ബഡ്”. അത് നമ്മൾ കുഞ്ഞിരാമായണത്തിലും ഗോദയിലും കണ്ടു. മറുനാടുകളിൽ പോയി ജീവിതം കെട്ടിപടുത്തുന്നവർക്ക് നാട്ടിലെ ചായക്കടയോടും ബാർബർഷോപ്പിനോടും നാട്ടിൽ ജീവിക്കുമ്പോൾ പ്രത്യേകിച്ച് മമത ഒന്നും തോന്നിയില്ലെങ്കിലും സിനിമയിലും ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇതൊക്കെ കാണുമ്പോൾ തോന്നുന്ന വികാരങ്ങൾക്കു പിന്നിലും ഇതേ “റോസ്ബഡ്” പ്രതിഭാസമാണ്. അതും മനസ്സിൽ കണ്ടു ഇവിടെയൊക്കെ കേറി ചെല്ലുമ്പോൾ ഉണ്ടാവുന്ന അനുഭവം ചിലപ്പോൾ പക്ഷേ ചുരുളിയിലെ ചാരായക്കടയിലേതു പോലെയായിരിക്കാം. മിന്നൽ മുരളിയിൽ എത്തുമ്പോൾ ബേസിൽ ജോസെഫ് എന്ന സംവിധായകൻ തന്റെ തന്നെ സങ്കല്പങ്ങളെ തകർക്കുന്നതായാണ് കണ്ടത്. ഉഷക്ക് മധുരം കൂട്ടി ചായ പറയുന്ന ചായക്കടക്കാരനിലും ഭാര്യയെ തല്ലുന്ന പോത്തൻ പോലീസുകാരനിലും ഷിബുവിന്റെ അമ്മയെ ഭ്രാന്തിയെന്നു വിളിക്കുന്ന ദാസനിലുമൊക്കെ യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്ന നാട്ടുകാർ എന്ന ആൾക്കൂട്ടത്തെ കാണാം. ഇവിടെ ആരും നിഷ്കളങ്കരല്ല. അതിനോടൊപ്പം തന്നെ മിക്ക കഥാപാത്രങ്ങളും യഥാർത്ഥ മനുഷ്യരെ പോലെ നിസ്സഹായരാണ് പലപ്പോഴും. മിസ്സ്‌കിന്റെയൊക്കെ സിനിമകളിൽ കണ്ടിട്ടുള്ള തീവ്രമായ മനുഷ്യവികാരങ്ങളും അന്തരീക്ഷവുമാണ് മിന്നൽ മുരളിയിൽ പലയിടത്തും കാണാൻ സാധിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ സിനിമ എന്നതിനോടൊപ്പം ബേസിൽ ജോസെഫ് ലോഹിതദാസ് ഭരതൻ സിബി മലയിൽ എന്നീ സംവിധായകരുടെയും ശ്രേണിയിലേക്ക് നടന്നു കയറിയ സിനിമ എന്ന് കൂടിയായിരിക്കാം മിന്നൽ മുരളി അറിയപ്പെടുക. ഒരുപക്ഷെ അരുൺ അരവിന്ദിന്റേയും ജസ്റ്റിൻ മാത്യുവിന്റെയും എഴുത്തായിരിക്കാം കാരണം. ബേസിലിന്റെ തന്നെ കഥാപാത്രത്തിന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ കുഞ്ഞിരാമായണത്തിലെയും ഗോദയിലെയും നിഷ്കളങ്കതയിലേക്കു ഇനിയൊരു തിരിച്ചുപോക്കുണ്ടാവുമോ ശശിയെ ?