റാം ഗോപാൽ വർമ്മയുടെ ഭൂത് കണ്ടു വന്നതിന് ശേഷം ഞാൻ രണ്ടു ദിവസം ഹോസ്റ്റൽ മുറിയിൽ ലൈറ്റ് ഇട്ടാണ് കിടന്ന് ഉറങ്ങിയത്. മൂന്നാം ദിവസം ആണെന്ന് തോന്നുന്നു വെളുപ്പിന് എപ്പോഴോ എണീറ്റു ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ അടുത്ത റൂമിലും ലൈറ്റ് ഓണായി കിടക്കുന്നത് കണ്ടത്. മെസ്സിൽ വെച്ചു ആ റൂമിലെ പുള്ളിയെ കണ്ടപ്പോ എക്സാം വെല്ലതും നടക്കുവാണോ മുറിയിൽ ലൈറ്റ് കണ്ടല്ലോ എന്ന് ചോദിച്ചു. അപ്പൊ പുള്ളി അല്ലടാ ഞാൻ കഴിഞ്ഞ ദിവസം ഭൂത് കണ്ടു എന്ന്. മിലെ സുർ മേരാ തുമരാ കാണുമ്പോൾ ഉണ്ടാവുന്നതിന് തുല്യമായ ഒരു സാഹോദര്യ മനോഭാവമാണ് എനിക്ക് അത് കേട്ടപ്പോൾ ഉണ്ടായത്. ഓർമയിൽ ആദ്യം ഉള്ള ഭയപെടുത്തിയ ദൃശ്യനാനുഭവം കിലേ ക രഹസ്യ് എന്നൊരു പഴയ ദൂരദർശൻ സീരിയലാണ്. അതിന്റെ ടൈറ്റിൽ തീം മ്യൂസിക് ആയിരുന്നു എന്നെ അന്ന് ഏറ്റവും ഭയപെടുത്തിയിരുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലെ കരിമ്പടം പുതച്ചെത്തി ചിരിക്കുന്ന കൊട്ടാരക്കരയുടെ രൂപം ഭയത്തിന്റെ മറ്റൊരു ആൾരൂപം ആയിരുന്നു.
മറ്റൊരോർമ ശ്രീകൃഷ്ണപ്പരുന്തിലെ പാട്ടിലെ കുമാരേട്ടാ എന്ന വിളിയാണ്. മണിച്ചിത്രത്താഴിലെ ആദ്യ ചില രംഗങ്ങളും തിയറ്ററിൽ ആ ചിത്രം കണ്ടപ്പോൾ ഭയപെടുത്തിയിരുന്നു.കുട പുറകിൽ വീശി ഓടുന്നതുൾപ്പടെ ഇന്നസെന്റ് പേടിക്കുന്ന പല രംഗങ്ങളും കണ്ടപ്പോഴാണ് യുക്തിസഹമല്ലാത്ത ഭയം എല്ലാവരിലും ഒരു പരിധി വരെ ഒരു പോലെയാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലായത്.
പത്രവാർത്തകളിലേക്ക് ശ്രദ്ധ തിരിഞ്ഞ പ്രായത്തിലാണ് ഭൂതങ്ങളെയും പ്രേതങ്ങളെയുംകാളൊക്കെ ഭയക്കണ്ടത് ജീവിച്ചിരിക്കുന്ന മനുഷ്യരെയാണ് എന്ന തിരിച്ചറിവുണ്ടാവുന്നത്. റോബർട്ട് ലൂയിസ് സ്റ്റീവൻസ്റ്റന്റെ ട്രെഷർ ഐലൻഡിൽ നിധി തേടി എത്തിയ ദ്വീപിൽ കടൽ കൊള്ളക്കാരനായ ക്യാപ്റ്റൻ ഫ്ലിന്റിന്റെ പ്രേതം അലഞ്ഞു തിരിയുന്നുണ്ടെന്ന് കേൾക്കുമ്പോൾ കഥയിലെ ആന്റി ഹീറോ ആയ കപ്പലിലെ കുക്ക് ലോങ്ങ് ജോൺ സിൽവർ പറയുന്നുണ്ട് ജീവിച്ചിരുന്നപ്പോൾ ഞാൻ ഫ്ലിന്റിനെ ഭയന്നട്ടില്ല പിന്നെയയാണ് മരിച്ച ഫ്ലിന്റിനെ എന്ന്. ഒരു മൊമെന്റ് ഓഫ് ക്ലാരിറ്റിയാണ് എനിക്ക് ആ വരി നൽകിയത്. അതിന് ശേഷം ഓർമയിൽ ഉള്ള ഒരേ ഒരു അനുഭവം ഭൂത് കണ്ടതാണ്. അതിലെ പ്രേതം പ്രത്യക്ഷപെടുന്ന ആദ്യ രംഗം മാത്രമായിരുന്നു അതിന് കാരണം. ഊർമിള രാത്രി ബെഡ്‌റൂമിൽ നിന്ന് താഴെ വന്ന് ഫ്രിഡ്‌ജിൽ നിന്ന് വെള്ളം കുടിച്ചു തിരിച്ചു പോകുന്ന ആ രംഗത്തിൽ വർമ്മ വല്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. പതിവ് പോലെ വർമ്മക്ക് ഇതൊരു ഒബ്സെഷൻ ആയി മാറുകയും ഡർനാ മനാ ഹൈ സറൂരി ഹൈ തുടങ്ങിയ സിനിമകൾ ഇറക്കുകയും ചെയ്‌തു.
ഏതാണ്ട് ഇതേ സമയത്താണ് ഞാൻ എക്സോർസിസ്ററ് ബുക്ക് വായിക്കുന്നത്. സിനിമ കണ്ടപ്പോൾ തോന്നാതിരുന്ന ഒരു ഭീതി പക്ഷെ ബുക്ക് വായിച്ചപ്പോൾ ഉണ്ടായി. അതിന് കാരണമായത് ഒരു ചാപ്റ്റർ മാത്രമാണ്. എക്സോസിസം സഭ അനുവദിക്കണെമെങ്കിൽ ആ വ്യക്തിക്ക് മാനസിക രോഗം അല്ലെന്നും ബാധ ആണെന്നും തെളിയിക്കണം. അതിന് മാനസിക രോഗങ്ങളെ കുറിച്ച് ഏകദേശം ഒരു ചാപ്റ്ററോളം സംസാരിക്കുന്നുണ്ട് കഥാകാരൻ. ആ ഭാഗം ആണ് എന്നെ ഏറ്റവും ഭയപെടുത്തിയത്. മനുഷ്യമനസ്സിന്റെ ശക്തിസാധ്യതകളെയും അവസ്ഥകളെയും കുറിച്ചുള്ള വിവരണങ്ങൾ. മണിച്ചിത്രത്താഴിൽ മധു മുട്ടവും ചെയ്തത് അതാണ്.
എന്താണ് നമ്മിൽ ഭീതി ജനിപ്പിക്കുന്നത്. നമ്മൾ കാണുന്ന രംഗങ്ങളാണോ അതോ കേൾക്കുന്ന ശബ്ദങ്ങളും സംഗീതവുമാണോ അതിന് കാരണമാവുന്നത്. മണിച്ചിത്രത്താഴിന്റെ ഏറ്റവും ഭീതിജനകമായ രംഗങ്ങൾക്ക് ഇൻ ഹരിഹർ നഗറിന്റെ പശ്ചാത്തല സംഗീതമായിരുന്നെങ്കിൽ നമ്മൾ ചിരിക്കുമായിരുന്നില്ലേ. മണിച്ചിത്രത്താഴിൽ തന്നെ ഫാസിൽ ഭയം ഉളവാക്കുന്ന രാഗങ്ങൾ തേടി എന്ന് കേട്ടിട്ടുണ്ട് . ആഹിരിയും കുന്തവരാളിയും ഒക്കെ. പേര് മാറിപോയില്ലലോ അല്ലേ. കൊഞ്ചുറിങ് ഇൻസിഡിസ് തുടങ്ങിയ ഇപ്പോഴത്തെ ഹൊറർ ഫ്രാഞ്ചയ്‌സുകൾ കൂടുതലും ജംബ് സ്‌കെയറുകൾ ഉപയോഗിച്ചാണല്ലോ ഭയപ്പെടുത്താൻ ശ്രെമിക്കുന്നത്. ഒരു പക്ഷെ ഭയത്തേക്കാൾ ഞെട്ടിക്കാൻ ആണ് ഇവയൊക്കെ ശ്രെമിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. എത്തിസ്റ്റോ അഗ്നോസ്റ്റിക്കോ റാഷണലിസ്റ്റോ ആയ വ്യക്തികൾ ഹൊറർ സിനിമകൾ കാണുമ്പോൾ എന്താണ് സംഭവിക്കുന്നത്. ഫ്രണ്ട്സ് സീരിസ് കാണുന്ന പോലെയാണോ അവർക്ക് ഹൊറർ പടങ്ങൾ ? അത് കൊണ്ടായിരിക്കാം ഇന്നത്തെ പല ഹൊറർ സിനിമകളും സീരീസുകളും ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പരിവേഷം കൂടെ അണിയുന്നത്. പിന്നെയുള്ള തന്ത്രം യാഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എന്ന ടാഗ്‌ലൈൻ
ആണ്. കൊഞ്ചുറിങ് എക്സോർസിസം ഓഫ് എമിലി റോസ് ഒക്കെ പോലെ. അതും നേരത്തെ പറഞ്ഞ കൂട്ടത്തിൽ പെടുന്ന വ്യക്തികൾക്കു എന്ത് വത്യാസം ആണ് ഉണ്ടാക്കുന്നത് ? ഒരു റാഷണലിസ്റ് ആയി മാറിയ ശേഷം എനിക്ക് എന്തായാലും ഇവയൊക്കെ ജമ്പ് സ്‌കെയറുകൾ മാത്രമാണ് സമ്മാനിച്ചത്. ഭൂതും എക്‌സോഴ്‌സ്‌സിസ്ററ് നോവലും അപ്പോഴും ഒരു അപവാദമായി നിലനിൽക്കുന്നു.