Spoilers!
മത്തായി 5:5
സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും
“..നിർത്തിയങ്ങു അപമാനിക്കുവാണെന്നേ..”
തന്റെ ഭർത്താവ് ഇടറുന്ന സ്വരത്തിൽ ഇത് പറയുമ്പോൾ മാത്രമാണ് ബിൻസി കരയുന്നതായി നമ്മൾ കാണുന്നത്. ഇവിടെയാണ് അവരുടെ സർവ നിയന്ത്രണങ്ങളും ഒരു നിമിഷത്തേക്ക് നഷ്ടപെടുന്നത്. ആത്മസംയമനം വീണ്ടെടുത്ത് തന്റെ നിസ്സംഗ ഭാവത്തോടെ അടുക്കളയിലേക്ക് തിരിക്കുന്ന ബിൻസിയോടാണ് ജോജി തണുത്ത വെള്ളം ചോദിക്കുന്നത്. ബിൻസി പൊട്ടിത്തെറിക്കുന്നു എന്ന് തന്നെ പറയാം. ജോജിയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നത് ഈ ചോദ്യമാണ്. മറ്റേതൊരു സന്ദര്ഭത്തിലായിരുന്നെങ്കിലും വെള്ളെമെടുത്തു കൊടുത്തിട്ടു ബിൻസി തിരിഞ്ഞു നിന്ന് പിറുപിറുക്കകയേ ചെയ്യുമായിരുന്നുള്ളു. മഹേഷിന്റെ പ്രതികാരത്തിലെ മരണവീട്ടിലെ വഴക്കിനെ പോലെ എല്ലാത്തിനും തുടക്കം ഒരു തരത്തിൽ ജെയ്‌സൺ ആണെന്ന് തന്നെ പറയാം.
ഈ സംഭവം ആണ് ജോജിയെ ഒടുവിൽ ധൈര്യം സംഭരിച്ചു അതുവരെ കാണാത്ത ഒരു പക്വതയോടെ കുട്ടപ്പനെ അഭിമുഖീകരിക്കാനും കാര്യങ്ങൾ അവതരിപ്പിക്കുവാനും പ്രേരിപ്പിക്കുന്നത്. ആ കൂടിക്കാഴ്ച എവിടെ എത്തി ചേർന്നു എന്നതിലാണല്ലോ കഥ ഇരിക്കുന്നത്.
കഥയിലെ വിധേയൻ ജെയ്‌സൺ ആണെന്ന് തന്നെ പറയാം അതെ സമയം മൂന്ന് സഹോദരങ്ങളിൽ ഒരു സാധാരണ ജീവിതം എന്ന് തോന്നിക്കുന്ന ഒന്ന് നയിക്കുന്ന ഏക വ്യക്തിയും. ഒരു പക്ഷെ ഏതൊരു മലയാളിക്കും തന്റെ ജീവിതവുമായി താരതമ്യം ചെയാവുന്നതായിരിക്കും ജെയ്‌സന്റെ സാഹചര്യങ്ങൾ. സമൂഹത്തിനെ പുറംകാലു കൊണ്ട് തട്ടി തന്റേതായ നിയമങ്ങൾക്കു വിധേയനായി ജീവിക്കുന്ന ജോമോന്റേയും തന്റെ ചുറ്റുമുള്ള സാമൂഹിക സാഹചര്യങ്ങളുടെ ഇരയായി സ്വയം കാണുന്ന ജോജിയുടെയും ഇടയിൽ പൊരുത്തപ്പെടലിന്റെ ആൾരൂപമായി ജെയ്സൺ നിലകൊളുന്നു. അപ്പന്റെ മുന്നിലും പള്ളീലച്ചന്റെ മുന്നിലും ജോമോന്റെ മുന്നിലും എന്തിന് ഒരവസരത്തിൽ ജോജിയുടെ മുന്നിൽ പോലും കീഴടങ്ങലുകളും വിട്ടുവീഴ്ചകളുമാണ് ജയ്സണെ മുന്നോട്ട് നയിക്കുന്നത്. യഥാർഥത്തിൽ ഏറ്റവും പ്രായോഗികമായ സമീപനം ആണ് ജെയ്‌സന്റെത്. ഞാനും നിങ്ങളും ആഗ്രഹിക്കുന്നത് എല്ലായിടത്തും ഒരു ജോമോൻ അവനാണെങ്കിലും ആയിത്തീരുന്നത് ഒരു ജെയ്സൺ മാത്രമാണ്. അവരുതേ എന്ന് ആഗ്രഹിക്കുന്നത് ഒരു ജോജിയും. ഇവിടെയാണ് ജോമോൻ തന്നെ സമൂഹത്തെ ജോജിയുടെ കട്ടിലിലിരുന്നു കൃത്യമായി അടയാളപ്പെടുത്തുന്നത് .
ഒടുവിൽ പക്ഷെ അതിജീവനം ജെയ്‌സന്റെതാണ്. ഇവിടെയും തന്റെ നിലനിൽപ്പു ചോദ്യം ചെയ്യപെടുമ്പോഴാണ്
ജയ്സൺ തികച്ചും പ്രായോഗികമായ ഒരു തീരുമാനം എടുക്കുന്നത്. കുടുംബത്തിന് പുറത്തുള്ളവരുമായി അതായത് പൊതുസമൂഹവുമായി ഏതൊരു സാധാരണക്കാരനും പുലർത്തുന്ന ഒരു പ്രായോഗികവും വ്യവഹാരികവുമായ ഒരു ബന്ധമാണ് ജെയ്‌സണും ഉള്ളത്. ജോജിയെ നേരിടേണ്ടി വരുന്ന സന്ദർഭത്തിൽ അവരെയാണ് ജെയ്സൺ ആശ്രയിക്കുന്നതും ഒരർത്ഥത്തിൽ.
ബിൻസിയും ജയ്‌സണും കൈവിടുമ്പോഴാണ് ഒരു പക്ഷെ ജോജി തകരുന്നത്. തന്നെക്കാൾ ഉപരി ബിൻസിക്കും ജയ്സണും വേണ്ടിയാണ് തന്റെ ചെയ്തികൾ എന്നതിലായിരിക്കാം ജോജി ആശ്വാസം കണ്ടെത്തിയത്. ജയ്സണെ ഭീഷണിപ്പെടുത്താൻ ഒരു അവസാന ശ്രമം നടത്തുന്ന ജോജി പക്ഷെ ഒരിക്കലും അത് ചെയ്‌യാൻ ഉദ്ദേശിച്ചിരുന്നില്ല എന്ന വസ്തുത വ്യക്തമാണ്.വികലമായ മനസികാവസ്ഥയ്ക്ക് ഉടമയായ മുടിയനായ പുത്രൻ എന്ന പട്ടം പണ്ടേ ചാർത്തി കിട്ടിയിരുന്ന ജോജി പോപ്പിയുടെ തെറ്റുകൾക് പോലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമ്പോളും വികാരാധീനൻ ആയിരുന്നില്ല . പല സന്ദർഭങ്ങളിലും തന്റെ കൗശലത കൊണ്ട് ബിൻസിയെ പോലും അമ്പരിപ്പിക്കുന്ന ജെയ്‌സൺ ഇവിടെ പക്ഷെ കീഴടങ്ങുകയാണ് പൊടുന്നനെ. ജോജിയുടെ കരച്ചിൽ കേൾക്കുമ്പോഴും സൗമ്യനായി ആണ് ജെയ്‌സൺ ഗിരീഷിനെ തടയുന്നത്. അതോടെ അവശേഷിക്കുന്ന അവകാശി ഒടുവിൽ ജെയ്‌സൺ മാത്രമായി മാറുന്നു. ജോജി ഇരയും.