90കളിലെ സിനിമകളും സീരീസുകളും കണ്ടു വളർന്ന അല്ലെങ്കിൽ പോപ്പുലർ ഫിക്ഷൻ വായിച്ചു വളർന്ന ഏതൊരു വ്യക്തിക്കും ഉണ്ടായിട്ടുണ്ടാകും കോൺസ്പിരസി തിയറികളോട് അഭിനിവേശം തോന്നിയ ഒരു ഘട്ടം. ലേറ്റ് ടീൻ – ഏർളി ട്വന്റിഇസ്‌ലെ ഒരു ആന്റി എസ്റ്റാബ്ലിഷ്മെന്റ് വികാരത്തിന്റെ കൂടെ ഇന്ത്യയിൽ ഗ്ലോബലൈസേഷൻ കൊണ്ട് വന്ന കേബിൾ ടീവി ബൂം കൂടെ ആയപ്പോൾ വെടിമരുന്നിനു തീ എന്ന് പറഞ്ഞ പോലെ ആയി. ലോകമെമ്പാടും മാസ് മീഡിയയുടെ അതിപ്രസരത്തോടൊപ്പം കോൺസ്പിരസി തിയറികളും കത്തി കയറിയ കാലഘട്ടം കൂടി ആയിരുന്നു അത്.
കോൾഡ് വാറിന്റെ അവസാനവും സോവിയറ്റ് യൂണിയന്റെ പതനവും അമേരിക്കൻ സിനിമയിലും ടിവിയിലും പ്രമേയങ്ങളിൽ കൊണ്ട് വന്ന ഒരു ആശയപരമായ ശൂന്യതയിലേക്കാണ് ക്രിസ് കാർട്ടർ തൊണ്ണൂറ്റിമൂന്നിൽ എക്സ് ഫയൽസുമായി അവതരിക്കുന്നത്. ജെയിംസ് ബോണ്ട് പോലും പുതിയ വില്ലന്മാരെ അന്വേഷിച്ചു തുടങ്ങിയ കാലം. കാർട്ടർ ഇവിടെ വില്ലൻ ആക്കിയത് അമേരിക്കൻ ഗവണ്മെന്റിനെ തന്നെയായിരുന്നു. ആരുടെ വില്ലൻ എന്ന് ചോദിച്ചാൽ മുൾഡറുടെ വില്ലൻ എന്ന് തന്നെ പറയേണ്ടി വരും. അപ്പോ സ്കള്ളിക്കു വില ഇല്ലേ എന്ന ന്യായമായ ചോദ്യം ഉയരും. വംശീയമായ റെപ്രെസെന്റഷനിലും സ്റ്റീരിയോടൈപ്പിങ്ങിലും ശരാശരി ആയിരുന്ന എക്സ് ഫയൽസ് ലിംഗനീതിയുടെ കാര്യത്തിൽ പുരോഗമനപരമായ സമീപനം അന്നേ കാഴ്ച വെച്ചിരുന്നത് കൊണ്ട് സ്കള്ളിക്കു വിലയില്ലേ എന്ന ചോദ്യം പക്ഷെ ഇവിടെ അപ്രസക്തമാണ്. ഇനി ഇവരൊക്കെ ആരാണ് എന്ന് ചോദിച്ചാൽ വിശ്വാസിയായ മുൾഡറും അവിശ്വാസിയായ സ്കള്ളിയും ആയിരുന്നു എല്ലാ സീസണിലും എല്ലാ എപ്പിസോഡിലും എക്സ് ഫയൽസിന്റെ ജീവ നാഡികൾ. നിരീശ്വരവാദിയായ മുൾഡർ പക്ഷെ വിശ്വസിച്ചിരുന്നത് കോൺസ്പിരസി തീയറികളിലും അതീന്ദ്രിയ ശക്തികളിലും ആയിരുന്നു. ഇതിനു നേർ വിപരീതമാണ് ദൈവ വിശ്വാസിയായ പക്ഷെ എല്ലാത്തിനും ശാസ്ത്രം ഉത്തരം നൽകും എന്ന് ഉറച്ചു വിശ്വസിക്കുന്ന സ്കള്ളി. കാർട്ടറുടെ ഈ സങ്കീർണമായ കഥാപാത്ര സൃഷ്ടിയും എഴുത്തുമാണ് അസംബന്ധം എന്ന് ചിരിച്ചു തള്ളാവുന്ന ഒരു കഥ പരിസരത്തെ പത്തു വർഷത്തോളം ലോകമെമ്പാടും പ്രേക്ഷകരെ ഈ സീരിസിന്റെ മുന്നിൽ പിടിച്ചു ഇരുത്തിയത്. ഡേവിഡ് ലിഞ്ചിന്റെ ട്വിൻ പീക്സിലെ ഡെയ്ൽ കൂപ്പർ തന്നെ അല്ലെ മുൾഡർ എന്ന ചോദ്യം ന്യായമായും ഒരു പ്രേക്ഷകൻ ഉയർത്തിയേക്കും പക്ഷെ ട്വിൻ പീക്സ് അല്ല എക്സ് ഫയൽസ്.
മുൾഡറായി വന്ന ഡേവിഡ് ഡ്യൂകോവ്‌നിയും സ്കള്ളിയായി വന്ന ഗില്ലിൻ ആൻഡേഴ്സണും ആയിരിക്കാം ഒരു പക്ഷെ ലോകത്തിലെ ഏറ്റവും പോപ്പുലർ ആയ ഓൺ സ്ക്രീൻ ക്രൈം ഫൈറ്റിംഗ് ഡ്യുയോ.
ഒരു പക്ഷെ ശരാശരിയിൽ അല്ലെങ്കിൽ അതിനു താഴെ നിന്നിരുന്ന ആ കാലഘട്ടത്തിലെ ടെലിവിഷൻ ഷോ ബജറ്ററ്റ് CGIയിനിന്റെയും സ്‌പെഷ്യൽ എഫ്എക്‌സിന്റെയും പരിമിതികളെ മറികടന്ന് ഇന്നും എക്സ് ഫയൽസിനെ പ്രസക്തമാക്കുന്നത് ശക്തമായ എഴുത്തും എഴുത്തുകാരുമാണ്. ക്രിസ് കാർട്ടറിന്റെയൊപ്പം പല എഴുത്തുകാരും പ്രവൃത്തിച്ചിരുന്നു. പിന്നീട് ബ്രെക്കിങ് ബാഡ് സൃഷ്ടിച്ച വിൻസ് ഗില്ലിഗൻ ഇക്കൂട്ടത്തിൽ എടുത്ത് പറയണ്ട ഒരു പേരാണ് . അതെ സമയം സ്റ്റീഫൻ കിങ്ങിനെ പോലെയുള്ള എഴുത്തുകാരും അതിഥി തിരക്കഥാകൃത്തുക്കളായി വന്നു പോയി. മുൾഡറിന്റെ ഭൂതകാലവും സത്യത്തിന് വേണ്ടിയുള്ള അന്വേഷണവുമാണ് പുള്ളിയെ ഗവമെന്റിന്റെ നോട്ടപ്പുള്ളി ആക്കുന്നതും സീരിസിന്റെ കോൺസ്പിരസി തിയറി പ്രമേയത്തിന് അടിസ്ഥാനവും. ഈ പശ്ചാത്തലത്തിൽ ആണ് ഗവണ്മെന്റിനകത്തെ ഗവണ്മെന്റ് എന്ന ആശയത്തിന്റെ പ്രതീകമായ സിഗരറ്റു സ്‌മോക്കിങ് മാൻ സീരിസിൽ അവതരിപിക്കപ്പെടുന്നത് . മുൾഡറിന്റെയും സ്കള്ളിയുടെയും ബോസ്സായ അസിസ്റ്റന്റ് ഡയറക്ടർ സ്കിന്നർ ആണ് മറ്റൊരു ശക്തമായ കഥാപാത്രം. പൂർണമായും അവിശ്വസനീയമായ ഒരു കഥാ പശ്ചാത്തലത്തിൽ പ്രേക്ഷകർക്ക് ആവശ്യമായ ഒരു വിശ്വസനീയമായ ഒരു കഥാപാത്രമായി സ്കിന്നർ നിലകൊള്ളുന്നു. മുൾഡറിന് സാങ്കേതിക സഹായം ചെയ്തു കൊടുക്കുന്ന നെർഡ് – ഹാക്കർ മൂവർസംഘം ആയ ഫ്രോഹിക്കിയും ലാങ്‌ലിയും ഫിറ്സ്‌ജെറാൾഡും എപ്പിസോഡുകളിലെ മറ്റൊരു സ്ഥിര സാന്നിധ്യമാണ്. സ്‌പിൻനോഫ് ആയ “ലോൺ ഗൺമെൻ” സീരിസ് ഇവരെ കുറിച്ചായിരുന്നു.ഈ ഗവൺമെൻറ് കോൺസ്പിരസി കഥാപരിസരം ആണ് സീരിസിനെ മുന്നോട്ട് ഓരോ സീസണിലും നയിക്കുന്നതെങ്കിലും ഇടകലർന്ന പ്രധാന പ്രേമേയവുമായി ബന്ധമില്ലാത്ത “മോൺസ്റ്റർ ഓഫ് ദി വീക്ക് “ എപ്പിസോഡുകളാണ് എക്സ് ഫയൽസിനെ രസകരമാക്കുന്നത്. ഇവിടയെയാണ് ക്രിസ് കാർട്ടറും സംഘവും സയൻസ് ഫിക്ഷനും ഹൊററും കോമഡിയും ഒരു പോലെ പരീക്ഷിച്ചു വിജയം കണ്ടെത്തിയത്. ഇടയ്ക്കുള്ള എപ്പിസോഡുകളിൽ പല പ്രമുഖരും ചെറിയ റോളുകളിൽ മിന്നി മറയുന്നു. റയാൻ റെയ്നോൾഡ്സ് ലുക്ക് വിൽസൺ ലൂസി ലൂ തൊട്ടു ബ്രയാൻ ക്രാൻസ്റ്റൻ വരെ അതിൽ പെടുന്നു.ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായ മാസ്ക് ഫേസ് ഷീൽഡ് പീ പീ ഈ കിറ്റ് എന്നിവയും പിസിആർ തുടങ്ങിയ വാക്കുകളും പല എപ്പിസോഡുകളിലും വന്നു പോകുന്നത് ഇപ്പോൾ കാണുമ്പോൾ കൗതുകം ഉണർത്തുന്നു. മാർക്ക് സ്‌നോയുടെ ടൈറ്റിൽ തീം മ്യൂസിക്കിനെ കുറിച് പറയാതെ എക്സ് ഫയൽസിനെ കുറിച്ചുള്ള ഒരു ചർച്ചയും പൂർണമാവുന്നില്ല. ഇന്നും പലരുടെയും റിങ് ടോൺ അതാണല്ലോ .
ശ്രേദ്ധേയമായ ചില എപ്പിസോഡുകൾ ഇവയാണ്
S03E04ക്‌ളൈഡ് ബർക്കമാൻസ് ഫൈനൽ റിപോസ്
ഭാവി കാണാൻ സാധിക്കുന്ന ഒരു വ്യക്തിയുടെ കഥ പറയുന്ന എപ്പിസോഡ് അയ്യർ ദി ഗ്രെറ്റിനെ ഓർമ്മിപ്പിക്കുന്നു.
S05E10 ചിൻഗ്ഗ
സ്റ്റീഫൻ കിംഗ് എഴുതിയ എപ്പിസോഡ്. കിങ്ങിന്റെ സ്ഥിരം “ഈവിൾ ഡോൾ” കഥാപരിസങ്ങൾ ഇവിടെയും. സ്കള്ളി വെക്കേഷന് പോകുമ്പോൾ നടക്കുന്ന ഈ എപ്പിസോഡിൽ മുൾഡർ വളരെ കുറച്ചു സീനുകളിലെ വരുന്നുള്ളു. ഇന്ന് കാണുമ്പോൾ ക്ളീഷേ ആണെങ്കിലും കിങിൻറെ സാന്നിധ്യം കൊണ്ട് വേറിട്ട് നിൽക്കുന്നു.
S06E02 ഡ്രൈവ്
ബ്രെക്കിങ് ബാഡിലേക്ക് ബ്രയാൻ ക്രാൻസ്റ്റാന് വഴി ഒരുക്കിയ എപ്പിസോഡ്. എഴുതിയത് ബ്രെക്കിങ് ബാഡിന്റെ സൃഷ്ടാവ് വിൻസ് ഗില്ലിഗനും.എക്സ് ഫയൽസിന്റെ പല എപ്പിസോഡിലെയും പോലെ അപ്രതീക്ഷിതമായ എൻഡിങ് . ക്രാൻസ്ടൺ തന്റെ പ്രതിഭ തെളിയിക്കുന്നതും കാണാം.
S04E07 മ്യുസിങ്‌സ് ഓഫ് എ സിഗററ്റ് സ്‌മോക്കിങ് മാൻ
സിഗററ് സ്‌മോക്കിങ് മാന് ഒരു ഫോറെസ്റ് ഗമ്പ് ടച് കൊടുക്കുന്ന എപ്പിസോഡ്. അറുപതുകളിലെ അമേരിക്കൻ ചരിത്രത്തിലെ പല നിർണായക ഘട്ടങ്ങളിലും CSMഇന്റെ ഇടപെടൽ നടന്നതായി കാണിക്കുന്ന എപ്പിസോഡ്. അത് വരെ ഒരു ക്ലിഷേ വില്ലനായി കാണുന്ന CSMഇന്റെ മറ്റൊരു വശം കാണാൻ സാധിക്കുന്നു.
S05E18 ദി പൈൻ ബഫ് വേരിയന്റ്
മുൾഡർ അണ്ടർ കവർ പോകുന്ന എപ്പിസോഡ്. ഒരു ഹോസ്റ്റേജ് ത്രില്ലെർ ചെയ്‌സ് മൂഡ് കൊണ്ടു വരുന്ന ഈ എപ്പിസോഡ ആയിരിക്കാം ഒരു പക്ഷെ എക്സ് ഫയലിസിലെ ഏറ്റവും റിയലിസ്റ്റിക് ആയ എപ്പിസോഡ്.
S05E05 ദി പോസ്റ്റ് മോഡേൺ പ്രൊമിത്യസ്
ഹ്യൂമറും ഹൊററും ഫിലോസഫിയും പ്രമേയമാക്കുന്ന തികച്ചും വത്യസ്തമായ ഒരു മ്യൂസിക്കൽ എപ്പിസോഡ്. ഒരു ക്‌ളാസ്സിക് ടച് കൊണ്ടുവരാൻ കാർട്ടർക്കു സാധിക്കുന്നു. എഴുതിയപ്പോൾ കാർട്ടർ ഹൈ ആയിരുന്നോ എന്ന് വരെ സംശയിച്ചേക്കാം.
S06E04E05 ഡ്രീംലാൻഡ്
ഏരിയ 51 പ്രത്യക്ഷപ്പെടുന്ന എപ്പിസോഡ്. ഒരുപക്ഷെ ഏറ്റവും അസംബന്ധം നിറഞ്ഞ അതേസമയം ഏറ്റവും രസകരമായ എപ്പിസോഡുകളിൽ ഒന്ന്. വിൻസ് ഗില്ലിഗൻ ബെറ്റർ കോൾ സോളിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൈക്കിൾ
മക്കീനുമായി ഇതിൽ ഒന്നിക്കുന്നു. മുൾഡറിന്റെയും മോറിസിന്റെയും മിറർ ഡാൻസിന് വേണ്ടി കാണാം.
S06E06 ഹൗ ദി ഗോസ്റ്സ് സ്റ്റോൾ ക്രിസ്മസ്
കാർട്ടർ വീണ്ടും തന്റെ സെൻസ് ഓഫ് ഹ്യൂമർ പുറത്തെടുത്ത ഒരു ക്രിസ്മസ് സ്‌പെഷ്യൽ എപ്പിസോഡ് . എക്സ് ഫയൽസ് തന്നെ ആണോ കാണുന്നത് എന്ന് പ്രേക്ഷകൻ ചിന്തിച്ചു പോകുന്നു.
S06E03 ട്രയാങ്കിൾ
ബെർമുഡ ട്രയാങ്കിൾ ഇല്ലാതെ എന്ത് എക്സ് ഫയൽസ് എന്ന് കാർട്ടർ ചിന്തിച്ചപ്പോ ഉണ്ടായ എപ്പിസോഡ്. പല കാരണങ്ങൾ കൊണ്ടും സീരിസിലെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന്.