Spoilers! Quite a bunch of ‘em!
മകളെ അടിക്കുമ്പോൾ റോസ്‌ലിൻ പറയുന്നുണ്ട് നിനക്ക് വേണ്ടിട്ടാടി ഞാൻ ഈ വീട്ടിലേക്ക് തിരിച്ചു വന്നത് എന്ന്. പാസ്പോർട്ട് കൊടുക്കുമ്പോൾ സുലൈമാനോട് പറയുന്നത് അമീറിനെ കരുതി പോയിട്ട് വരാനാണ്. എല്ലാം നിർത്താൻ റോസ്‌ലിൻ നിർബന്ധിക്കുമ്പോൾ അബുവിനെ പോലുള്ളവർ നാട്ടുകാരോട് എന്താണ് ചെയുന്നത് കാണുന്നുണ്ടല്ലോ എന്നും റമദാ പള്ളിക്കാർ തന്നെ വിശ്വസിച്ചാണ് ജീവിക്കുന്നതും എന്നും സുലൈമാൻ പറയുന്നുണ്ട്. അപ്പോൾ റോസ്‌ലിൻ തിരിച്ചു ചോദിക്കുന്നത് നമ്മുടെ മകനെ കൊടുത്തിട്ടല്ലേ ആൾക്കാർക്കു വിശ്വാസം ഉണ്ടായതു എന്നാണ്. ഒരു പത്തു ദിവസം മകനെയോർത്തു പോയിട്ടു വരാൻ റോസ്‌ലിൻ അപേക്ഷിക്കുന്നു. വിശ്വാസമാണ് സുലൈമാനെ നയിക്കുന്നത് എന്ന് മറ്റാരേക്കാളും നന്നായിട്ടു അറിയാം റോസിലിന്. അതേ വിശ്വാസം സുലൈമാനെ കാത്തു രക്ഷിക്കുമെന്നും ഒറ്റയ്ക്ക് ബസിൽ പോകുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും സുലൈമാന്റെ സഹചാരികളോട് റോസ്‌ലിൻ പറയുന്നുണ്ട്. ഒരു പക്ഷെ ആ വിശ്വാസം മാത്രമേ സുലൈമാനെ നേർവഴിക്കു കൊണ്ടു വരു എന്ന ചിന്തയും റോസിലിനെ നയിച്ചതാവാം എന്നും ന്യായമായി ഇവിടെ ചിന്തിക്കാം. റോസിലിനെ പ്രേക്ഷകർ ആദ്യം കാണുമ്പോൾ തന്റെ മകളെ നോക്കി ഉത്കണ്ഠയോടെ നിൽക്കുകയാണ് അവർ. ഇവൻ ചതിച്ചിരിക്കും എന്ന് പറഞ്ഞു ഡേവിഡ് പള്ളിയിൽ നിന്ന് ഇറങ്ങിപോകുമ്പോഴും പള്ളിയിൽ നിന്ന് തന്റെ കുട്ടിയെയും കൊണ്ടു സുലൈമാന്റെ കൂടെ കുടുംബത്തെ ഉപേക്ഷിച്ചു ഇറങ്ങുമ്പോഴും അതേ ഭാവമാണ് റോസിലിന്. മകനെ അടക്കി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തുന്ന സുലൈമാൻ മകളെ എടുത്തു അകത്തേക്കു പോകുമ്പോഴും സമാന ഭാവമാണ് റോസിലിന്. തനിക്കു തന്റെ അച്ഛനെയും മകനെയും ഒരേ ദിവസമാണ് നഷ്ടമായതെന്നും സുലൈമാന്റെ കൈയിൽ ചോര മണക്കുന്നു എന്നും റോസ്‌ലിൻ തേങ്ങുന്നു. മറ്റൊരു റോസിലിനെ കാണാൻ ആവുന്നത് മിനിക്കോയിൽ മണിയറയിലേക്ക് കേറുന്ന നിമിഷത്തിലാണ്. അത് വരെ പുഞ്ചിരി തൂകി നിൽക്കുന്ന റോസ്‌ലിൻ പെട്ടന്ന് പൊട്ടിത്തെറിക്കുന്നു. എല്ലാം ഉപേക്ഷിച്ചു സുലൈമാന്റെ കൂടെ ഇറങ്ങി വരുന്ന റോസിലിനെ കാത്തിരിക്കുന്നത് വീണ്ടും നഷ്ടങ്ങളാണ്. തന്റെ അപ്പന്റെ മൃതശരീരം കാണാൻ വരുമ്പോൾ അവർ തന്റെ മകനെ ഒരു നോക്ക് കാണാൻ അനുവദിച്ചില്ല എന്നും റോസ്‌ലിൻ പറയുന്നുണ്ട്
സ്വന്തം മകന്റെ മരണം പോലും ഒരു ഘട്ടത്തിൽ പള്ളിമുറ്റത്ത് തോക്കെടുക്കുന്ന സുലൈമാന് ഒരു നേട്ടമായിരുന്നു എന്ന ചിന്ത റോസിലിന്റെയുള്ളിൽ ഉണ്ടെന്നു അവർ തമ്മിലുള്ള ആദ്യ സംഭാഷണത്തിൽ വ്യക്തമാണ്.
തന്റെ മകളുടെ കൂട്ടുകെട്ട് കാണുമ്പോൾ എന്ത് ചിന്തകളാണ് റോസിലിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞത്? സുലൈമാൻ റമദാ പള്ളിയിൽ ഉള്ളടത്തോളം കാലം കാര്യങ്ങൾ ഇങ്ങനെ തന്നെ ആയിരിക്കും എന്ന് റോസിലിനു അറിയാം. പുറത്തിറങ്ങിയാൽ അറെസ്റ് ഉണ്ടാവും എന്നും റോസിലിനു അറിയാമായിരുന്നു എന്നതും ഒരു സാധ്യതയാണ്. സ്റ്റേറ്റിനെയും ഡേവിഡിനെയും ഫ്രഡിയെയും ഡോക്ടറെയും പോലെ സുലൈമാന്റെ മരണം അല്ലെങ്കിൽ അസാന്നിധ്യം ആഗ്രഹിച്ച മറ്റൊരു വ്യക്തി ഒരു പക്ഷേ റോസിലിനും ആയിരിക്കാം. ഒരർത്ഥത്തിൽ റോസിലിന് അതൊരു ആവശ്യമായിരുന്നു.സുലൈമാന്റെ ഉമ്മയും അങ്ങനെ ആയിരുന്നു എന്ന ധാരണ മാറുന്നുണ്ട്. ക്ളൈമാക്സിൽ ഫ്രഡിയെ നാട്ടുകാർ കൈകാര്യം
ചെയുമ്പോൾ കബറിടത്തിനു പുറത്തു നിന്ന് മുകളിലേക്ക് നോക്കുന്നുണ്ട് റോസ്‌ലിൻ. അവിടെയാണ് ഞാൻ ആശയകുഴപ്പത്തിലായത് .
Hell hath no fury like a woman scorned എന്ന പ്രയോഗം പൂർണമായും ഇവിടെ ഉചിതമല്ലായിരിക്കാം പക്ഷെ അത് കൂടെ ചേർക്കാതെ ഈ ചിന്ത പൂർണമല്ല. ഒരു പക്ഷെ woman എന്ന വാക്കിന് പകരം mother എന്നോ daughter എന്നോ പറയാം ഈ പശ്ചാത്തലത്തിൽ. ഒരു വ്യക്തിയുടെയും ഒരു സമൂഹത്തിന്റെയും കഥക്കപ്പുറം ഒരു അമ്മയുടെയും ഭാര്യയുടെയും മകളുടെയും കഥയാണ് മാലിക്.