#നോട്ട്എവെരിവൺസ്കപ്പ്ഓഫ്ടീ
#പ്രൊസീഡ്അറ്റ് യുവർഓൺറിസ്ക്
ഒരു കാലഘട്ടത്തിൽ രഞ്ജി പണിക്കർ എഴുതിയ പോലീസ് പടങ്ങളിൽ എല്ലാം തന്നെ സുരേഷ്‌ഗോപി അവതരിച്ചിരുന്നത് ഏതേലും ഒരു വിപ്ലവ നായകന്റെ “ലവ് ചൈൽഡ്” ആയിട്ടായിരുന്നു. രാജൻ പി ദേവിനേം എൻ എഫ് വർഗീസിനേം ഒരു മയോം ഇല്ലാതെ സുരേഷ്‌ഗോപി എടുത്തിട്ട് ഇടിച്ചിരുന്നത് ഈ വിഷയത്തിലായിരുന്നു. അതേ സമയം സോമനോ മധുവോ ജനാർദ്ദനനൊ ഈ വിഷയം എടുത്ത് ഇട്ടാൽ സുരേഷ്ഗോപി കഥാപാത്രം വികാരാധീനൻ ആവുന്നതാണ് നമ്മൾ കണ്ടത്. അത് മറ്റൊരവസരത്തിൽ വിശദമായി ചർച്ച ചെയ്യാവുന്ന വിഷയമാണ്. ഈ കഥാപാത്രങ്ങുളുടെ സമകാലീനനായ മംഗലശേരി നീലകണ്ഠൻ വരെ തളർന്നു പോയത് ഈ വിഷയത്തിൽ തന്നെ ആയിരുന്നു. രാജരക്തം ആയിരുന്നു എന്ന് അറിഞ്ഞിട്ടു പോലും പുള്ളിക്ക് സമാധാനം ആയില്ല. സുരേഷ് ഗോപി തന്നെ മറ്റൊരു പടത്തിൽ “ യെസ് ഐ ആം എ ബാസ്റ്റഡ് ബട് ബോൺ ടു എ സിംഗിൾ ഫാദർ “എന്ന് ഇംഗ്ലീഷിൽ ആരെയോ കൂമ്പിനിടിച്ചു കൊണ്ട് ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. ഈ ഓടിടി കാലഘട്ടത്തിൽ ഈ രംഗം കാണുന്ന ഒരു പാശ്ചാത്യ വ്യക്തി ഇയാള് ഇത് എന്ത് തേങ്ങയാണ് ഈ പറയുന്നത് എന്ന് ചിന്തിച്ചാൽ ഒരിക്കലും തെറ്റ് പറയാൻ പറ്റില്ല. ഒരു പക്ഷെ ഒരു കൾച്ചർ ഷോക്ക് എന്നൊക്കെ പറയുന്നതിന്റെ ഉത്തമ ഉദാഹരണമായി ഇതിനെ കണക്കാക്കാം.
ഇന്ത്യക്കാർ അമ്മയ്ക്കും അച്ഛനും വിളിക്കുമ്പോ അമേരിക്കക്കാർ പൊതുവെ അമ്മയ്ക്ക് മാത്രമാണ് വിളിക്കാറ്. ബ്രട്ടീഷുകാരാവട്ടെ തന്തക്ക് വിളിയോട് ആണ് ചായ്‌വ് കാണിക്കുന്നത്. ബ്രിട്ടീഷ് കൊളോണിയലിസം അമേരിക്കയിലും ഇന്ത്യയിലും വേരോടിയെങ്കിലും തന്തയ്ക്കു വിളി എന്നത് അമേരിക്കക്കാർക്ക് ഒരു പക്ഷെ പൂർണമായും അന്യമായ ഒരു സങ്കൽപം ആയി ഇന്നും നിലകൊള്ളുന്നു. ബാസ്റ്റഡ് എന്ന പ്രയോഗം പൊതുവെ ഒരു ബ്രിട്ടീഷ് ശൈലി ആയിട്ടാണല്ലോ പോപ്പ് കൾചറിൽ പ്രതിപാദിക്കപ്പെടുന്നത്. എന്റെ ഓർമയിൽ ഹോളിവുഡ് പടങ്ങളിൽ ആകപ്പാടെ കണ്ട തന്തക്ക് വിളി ഷാഫ്റ്റിൽ സാമുവേൽ എൽ ജാക്‌സണും ക്രിസ്ത്യൻ ബെയ്‌ലും തമ്മിലാണ്. എന്റെ അച്ഛൻ ആരാണ് എന്ന് നിനക്ക് അറിയാമോ എന്ന് ജാക്സണെ ഭീഷണിപെടുത്തുന്ന ബെയ്‌ലിനോട് ഇല്ല എനിക്കറിയില്ല നിനക്കറിയാമോ എന്ന് ജാക്സൺ. ഇതല്ലാതെ മറ്റൊരു രംഗമോ സംഭാഷണമോ തന്തക്കു വിളി എന്ന പശ്ചാത്തലത്തിൽ അമേരിക്കൻ സിനിമകളിലോ സീരീസുകളിലോ കണ്ടതായി ഓർമയില്ല. പിന്നെ ഓർമയിൽ ഉള്ളതും വിദൂരസാമ്യമുള്ളതും മാർട്ടിൻ ഷീനും ജാക് നിക്കോള്സണും തമ്മിലുള്ള ദി ഡിപ്പാർട്ടടിലെ ഒരു സംഭാഷണശകലമാണ്. ഫ്രാൻസിസ് എന്ന് ഫസ്റ് നെയിം ഉപയോഗിച്ച് തന്നെ അഭിസംബോധന ചെയുന്ന പൊലീസുകാരനായ മാർട്ടിൻ ഷീനിനോട് എന്റെ അമ്മയാണ് എന്നെ ഫ്രാൻസിസ് എന്ന് വിളിച്ചിരുന്നത് എന്ന് ഐറിഷ് ഗാംഗ്സ്റ്ററായ നിക്കോൾസൻ പറയുന്നു. ഷീൻ പ്രകോപനപരമായി പ്രതികരിക്കുന്നു, നിന്റെ അച്ഛൻ പക്ഷെ നിന്നെ ട്യൂമർ എന്നല്ലേ വിളിച്ചിരുന്നത് എന്ന്. നിക്കോൾസൺ വിടുമോ നിന്റെ അച്ഛൻ നിന്നെ എന്താണ് വിളിച്ചിരുന്നത് ഓ സോറി പുള്ളി പണ്ടേ സ്ഥലം കാലിയാക്കി അല്ലെ എന്ന് തിരിച്ചടിക്കുന്നു. ഒരു തന്തക്ക് വിളി എന്ന് പൂർണമായും കാണാൻ പറ്റില്ലെങ്കിലും ഒരു അധിക്ഷേപം എന്ന നിലയിൽ ആണ് ഇതു അവതരിക്കപ്പെടുന്നത്. അമിതാബ് ബച്ചന്റെ കയ്യിൽ മേരാ ബാപ്പ് ചോർ ഹൈ എന്ന് എഴുതിയെന് പുള്ളി ആജീവനാന്തം രോഷാകുലനായതിനെ കുറിച്ച് ഒരു ഫുൾ ലെങ്ത് പടം ഇന്ത്യയിൽ ഉള്ളപ്പോ ആണ് മരുന്നിന് ഷാഫ്റ്റിലെ തന്തയ്ക്കു വിളിയും ഡിപ്പാർട്ടടിലെ ഈ രംഗവും എന്ന് ഓർക്കണം. കേരളത്തിൽ തന്നെ കുറച്ചു നാള് മുൻപ് ആവേശ തരംഗം നിന്റെ തന്ത അല്ല എന്റെ തന്ത എന്ന മോഹൻലാൽ ഡയലോഗ് ആയിരുന്നല്ലോ. എന്ത് കൊണ്ട് നിന്റെ തള്ള അല്ല എന്റെ തള്ള എന്ന് മുരളി ഗോപി എഴുതിയില്ല എന്ന ചരിത്രപരമായ മനഃശാസ്ത്രപരമായ ഭാഷാശാസ്ത്രപരമായ ചോദ്യം ഇവിടെ പ്രസ്കതമാവുന്നു.
നൂറ്റാണ്ടുകൾക്കു അപ്പുറത്തു വില്യം ഷേക്‌സ്‌പിയർ വരെ അമ്മക്ക് വിളി എഴുതി പിടിപ്പിച്ചിട്ടുണ്ടെന്ന് വായിച്ചപ്പോൾ ആണ് യോ മാമ ജോക്സ് ഒക്കെ എന്ത് എന്ന് ഞാൻ ആലോചിച്ചു പോയത്. പുള്ളിയും തന്തക്കു വിളി എഴുതിയിട്ടില്ല പക്ഷെ എന്നാണ് എന്റെ വിശ്വാസം. മാത്രമല്ല യോ ഡാഡി ജോക്സ് എന്നൊരു സങ്കല്പമേ അമേരിക്കയിൽ ഇല്ല അതായത് യോ ഡാഡി ജോക്സ് ആർ നോട്ട് റിയലി എ തിങ് എന്ന്. അതേ സമയം മായി കാ ലാൽ എന്ന വെല്ലുവിളികളിൽ സ്ഥിരം അഭിമാനപുരസ്സരം ഉപയോഗിക്കപ്പെടുന്ന ഹിന്ദി പ്രയോഗം ഇവിടെ എന്നെ വീണ്ടും ആശയകുഴപ്പത്തിലാക്കുന്നു, ഇൻ ദി ഇന്ത്യൻ സബ്‌കോണ്ടിനെന്റൽ കോണ്ടെക്സ്റ് ഐ മീൻ.ബാക്കിയെല്ലാ മേഖലകളിലും ഏറെക്കുറെ പുരുഷാധിപധ്യം പൂർണമായും നടപ്പാക്കിയിട്ടുള്ള ഇന്ത്യൻ സമൂഹം മറ്റുള്ള സാംസ്‌കാരിക സാമൂഹിക പ്രവണതകൾക്ക് വിരുദ്ധമായി ഉത്തര ദക്ഷിണ മേഖല ഭേദമന്യേ തെറി വിളിയിൽ ലിംഗ നീതി തുല്യമായി നടപ്പാക്കിയിട്ടുണ്ട് എന്നാണോ ഇതിൽ നിന്നും പ്രഥമദൃഷ്ട്യാ മനസിലാക്കാൻ കഴിയുന്നത്? സിനിമയും സാഹിത്യവും വിട്ടു ഭൂമിശാത്രപരമായ ഒരു നിരീക്ഷണം നടത്തുകയാണെങ്കിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എല്ലാ കാര്യങ്ങളിലും വത്യസ്തത പുലർത്തുന്ന തെക്കേയറ്റത്തെ ഇന്ത്യൻ സംസ്ഥാനത്തിന്റെ തെക്കേയറ്റമായ തിരുവനന്തപുരത്തു ആശ്‌ചര്യവും ആശങ്കയും ആഹ്ലാദവും തള്ളേ എന്ന വിളിയിലൂടെ പ്രകടിപ്പിക്കുന്നതിനോടൊപ്പം തന്നെ തള്ളക്ക് വിളിയിലൂടെ അഭിപ്രായവത്യാസവും രോഷവും പ്രകടിപ്പിക്കുന്നു. കേരളത്തിലെ തന്നെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു തന്തക്കു വിളി ഇവിടെ അത്ര പ്രചാരത്തിൽ അല്ല എന്ന് ചിന്തിക്കുന്നതിൽ അതിശയോക്തിയില്ല. ഇനി രാഷ്ട്രീയത്തിലേക്ക് വരികയാണെങ്കിൽ എന്ത് അസഭ്യമാണെങ്കിലും സ്ലാങ് ഒഴിവാക്കി അച്ചടി ഭാഷ ഉപയോഗിച്ചാൽ ഏതു പാർലമെന്റിലും ആരുടെയും തന്തക്ക് വിളിക്കാമെന്ന് നമ്മുടെ പൊതുബോധത്തിൽ സന്നിവേശിപ്പിക്കാൻ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. അവിടെയും പക്ഷെ പിതൃശൂന്യൻ എന്ന വാക്കാണ് അവർ നമുക്ക് സ്വീകാര്യമാക്കിയത്.
ജോക്സ് എപ്പാർട് Maledictology എന്നൊരു മനശ്ശാസ്ത്രശാഖ അസഭ്യത്തിനെ കുറിച്ച് പഠിക്കുന്നുണ്ടെന്ന് കണ്ടു പക്ഷെ അതിന്റെ സാംസ്‌കാരികപരമായ വ്യതിയാനങ്ങളെ കുറിച്ച് കാര്യമായ പഠനങ്ങൾ ഒന്നും തന്നെ എനിക്ക് കണ്ടെത്താനായില്ല. ഞാൻ ഇത് ഏപ്രിൽ രണ്ടായിരത്തി ഇരുപതിൽ ലോക്കഡൗണിൽ ഇരുന്നപ്പോ എഴുതിയതാണെങ്കിലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല . തെറി വിളി എന്ന മഹാസാഗരത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഒരു കുട്ടിയായിരുന്നു ഞാൻ . ഇന്ന് നെറ്ഫ്ലിക്സ് തുറന്നപ്പോഴാണ് നിക്കോളാസ് കേജ് ഹോസ്റ്റ് ചെയുന്ന ഹിസ്റ്ററി ഓഫ് സ്വയേഴ്സ് എന്ന ഷോ കണ്ടത് …WTF! എന്നല്ലാതെ എന്ത് പറയാൻ ….