പണ്ട് ഹിന്ദി പടങ്ങളിൽ ധർമേന്ദ്രയും ജിതേന്ദ്രയും ചെറുപ്പത്തിൽ കുംഭമേളക്ക് പോയി വേർപെട്ടു പോകുന്ന പോലെയാണ് ബിഗ് ബിക്ക് ഞാനും കണ്ണനും വീരയ്യയിൽ കേറി ഇരുന്നത്. ഫസ്റ് ക്ലാസും ഹൌസ് ഫുൾ ആയ കൊണ്ട് ഞങ്ങൾക്ക് അടുത്തടുത്ത സീറ്റ് കിട്ടിയില്ല.ഒരുമിച്ചു പടത്തിനു കേറീട്ട് കൂടെ വന്നവനോട് ഇടക്ക് ഇടക്ക് കമന്റ് പറയാതെ പടം കാണുന്നെന്റെ വിഷമം കല്യാണം കഴിഞ്ഞവർക്ക് ഒരു വല്യ സംഭവം അല്ലായിരിക്കാം എന്നാലും ഏതാണ്ട് പകുതി കഴിഞ്ഞപ്പോ ആണ് ഇതൊക്കെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നിയത്. സണ്ണിയെ കണ്ട തിരുമേനിയെ പോലെ. ചോദിയ്ക്കാൻ ആണേൽ ലവൻ അടുത്തും ഇല്ല. കുറച്ചു കഴിഞ്ഞാണ് എനിക്ക് ഫോർ ബ്രദേഴ്‌സ് ആണ് ബിഗ് ബി എന്ന് കത്തിയത്. ഒരു ഡിസപ്പോയിന്റ്മെന്റ് തോന്നിയെങ്കിലും ലോകത്തിന്റെ ഒരു ഭാഗത്തു ഒതുങ്ങി പോകേണ്ടിയിരുന്ന ഒരു കല സൃഷ്ടിയെ ഭാഷയുടെയും ഭൂമിശശാസ്ത്രത്തിന്റെയും അതിരുകൾ കടത്തി ജനകീയവത്കരിക്കുന്ന സേവന കർമം ആണല്ലോ അണിയറ പ്രവർത്തകർ ചെയ്തത് എന്ന് ആലോചിച്ചു ആശ്വസിച്ചു. ബിഗ് ബി എന്നാലും ഇഷ്ടപെട്ട സിനിമകളിൽ ഒരെണ്ണം തന്നെ. സാഗർ ഏലിയാസ് ജാക്കിയുടെ ടീസർ ഒരു ബി എം ഡബ്ള്യു പരസ്യം ഓർമിപ്പിച്ചു കെട്ടടങ്ങി..അൻവർ കണ്ടപ്പോൾ പക്ഷെ ഡിസപ്പോയിന്റ്മെന്റ് കോപ്പിയടിയുടേതായിരുന്നില്ല ട്രെയ്‌റ്റർ പോലൊരു സിനിമയെ വെറും സ്ലോ മോഷൻ മഹാമഹം ആയി കുറച്ചതിന്റെതായിരുന്നു.വീണ്ടും ഇത് പോലെ ഒരു അനുഭവം ഉണ്ടായതു ചാപ്പാ കുരിശ് കണ്ടു ഇറങ്ങിയപ്പോഴാണ്. വീരയ്യയിൽ തന്നെ.അന്ന് പക്ഷെ കണ്ടിറങ്ങിയപ്പോൾ അറിയില്ലായിരുന്നു കൊറിയൻ ഹാൻടെൽഫോൺ ആണ് മലയാളവത്കരിച്ചിരിക്കുന്നത് എന്ന്. വണ്ടിയിൽ കേറി വീട്ടിൽ എത്തുന്ന വരെ മലയാള സിനിമ ഒടുവിൽ പ്രമേയപരമായും അവതരണശൈലിയിലും കൈവരിച്ച മാറ്റങ്ങളെ പറ്റി ഞങ്ങൾ വാചാലരായി. അന്ന് സ്മാർട്ടഫോണും ഡേറ്റയും ഇല്ലാത്ത കൊണ്ട് വീട്ടിലെത്തി ബിഎസ്എൻഎൽ വഴി പിസിയിൽ നിന്ന് നെറ്റിൽ കേറി കുത്തുന്ന വരെ ഡിസ്പ്പോയിന്റ്മെന്റ് കാത്തു നിന്നു. ഒരുമാതിരി പണ്ട് ഹൈസ്‌കൂളിൽ വെച്ചൊക്കെ നമുക്ക് ഇഷ്ടപെട്ട കൊച്ചിന് വേറെ ലൈൻ ഉണ്ടെന്നു അറിയുമ്പോ തോന്നുന്ന ഒരു ഫീലിംഗ് പോലെ ആയിരുന്നു. എക്സൈൽഡ് ബാച്ചിലർ പാർട്ടി ആയപ്പോ പക്ഷെ കോളേജിലെത്തിയിട്ടും ലൈൻ ആവാത്തവന്റെ മരവിപ്പ് ആയിരുന്നു . ഇയോബിന്റെ പുസ്തകം പക്ഷെ ഒരു അപവാദം ആയി, ലാസ്‌റ് ഓഫ് ദി മോഹിക്കൻസിലെ ഡാനിയൽ ഡേ ലൂയിസിന്റെ കാട്ടിൽ കൂടെയുള്ള തോക്കും പിടിചോണ്ടുള്ള ഓട്ടത്തിന്റെ പാവനസ്മരണ ഒഴിച്ച് നിർത്തിയാൽ. ഇതിനിടക്ക് ട്വന്റി ടു ഫീമെയിൽ കോട്ടയത്തിന്റെ പേര് പല ഇഗ്ലീഷ് പടങ്ങളുടെ പേരിന്റെ കൂടെ പറഞ്ഞു കേട്ടെങ്കിലും എനിക്ക് അത് ബ്രോക്കേഡൗൺ പാലസ് ആയിരുന്നു. സ്റ്റേക് ഔട്ട് വന്ദനവും വൺ ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ് താളവട്ടവും എ റോമൻ ഹോളിഡേ കിലുക്കവും ആയപ്പോഴും പ്രിയദർശൻ സീൻ ബൈ സീൻ പുനർനിർമാണം ഒഴിവാക്കിയിരുന്നു എന്ന് ഞാൻ പറഞ്ഞാൽ എന്നാ പിന്നെ സ്‌ട്രൊ ഡോഗ്സ് വരത്തൻ ആയാൽ നിനക്ക് എന്നാടാ എന്ന് ആരേലും ചോദിച്ചാൽ ഒരു കുഴപോം ഇല്ല ചേട്ടാ ആയിക്കോ എന്ന് മാത്രമേ എനിക്ക് പറയാൻ ഉള്ളു.ഇതൊക്കെ പിന്നെ എന്തിന് എഴുതിപിടിപ്പിച്ചത് എന്ന് ചോയിച്ചാൽ ഇന്നസെന്റ് ലോ ലാ പടത്തില് രാത്രി കുന്നിന്റെ മോളി കേറി നിന്ന് വിളിച്ചു കൂവുന്ന പോലെ ആണെന്ന് കരുതിയാ മതി.ബട്ട് എ പവർഹൌസ് ഓഫ് ഒറിജിനൽ ടാലന്റ് ലൈക് ഫഹദ് ഫാസിൽ സിംപ്ലി ഡിസർവ്സ് ബെറ്റർ എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഉപസംഹരിക്കുന്നു.