1891 ജനുവരി ഒന്നിന് ആണ് 10,037 പേർ ഒപ്പിട്ട “മലയാളി മെമ്മോറിയൽ ” ജി.പി പിള്ളയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ മഹാരാജാവിനു സമർപ്പിച്ചത്.നായന്മാരോട് ഒപ്പം ഈഴവരും കത്തോലിക്കരും നന്പൂതിരിയും ആംഗ്ലോ ഇന്ത്യനും തിരുവിതാംകൂർ കൊച്ചി ഗവണ്മെന്റിലെ ഔദ്യോഗിക പദവികളിലെ ബ്രാഹ്മണ കുത്തകക്ക് എതിരെ ഉയർന്ന പ്രക്ഷോഭത്തിന്റെ ഭാഗമായ ഈ ഹർജിയിൽ ഒപ്പു വെച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.മദ്രാസ് മെഡിക്കൽ കോളേജിലും ലണ്ടനിലും ഒക്കെ പോയി മെഡിസിൻ പഠിച്ചെങ്കിലും ജാതിയുടെ പേരിൽ തിരുവിതാംകൂറിൽ ജോലി നിഷേധിക്കപ്പെട്ടത് കാരണം മൈസൂർ പോയി ജോലി ചെയ്‌ത ഡോക്ടർ പല്പുവിന്റെ നേതൃത്വത്തിൽ അഞ്ചു വര്ഷങ്ങള്ക്കു ശേഷം 1896 സെപ്റ്റംബറിൽ 13,176 ഒപ്പിട്ട “ഈഴവ മെമ്മോറിയൽ” മഹാരാജാവിനു സമർപ്പിക്കപ്പെട്ടു.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയത് കൊണ്ട് സർക്കാർ സർവീസിലേക്ക് അർഹത നേടിയ സ്വജാതീയർക്കു ലഭിക്കുന്ന പരിഗണന തങ്ങൾക്കും ലഭിക്കണം എന്ന് ആ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഈ പ്രസ്ഥാനത്തെ പിന്തുണച്ചു .ക്ഷേത്ര ഭരണം റവന്യു വകുപ്പിന്റെ കീഴിൽ ആയിരുന്നത് കൊണ്ട് അഹിന്ദുക്കൾക്കും അവർണർക്കും ആ വകുപ്പിൽ ജോലി നിഷേധിക്കപ്പെട്ടിരുന്നത് കാരണം ഈ ഹർജിയെ പിന്തുണക്കേണ്ടത് അവരുടെ കൂടെ ആവശ്യം ആയിരുന്നു.ഈ പ്രക്ഷോഭത്തിന്റെ പരിണിത ഫലമായി 1922 ഇൽ റവന്യു വകുപ്പ് വിഭജിച്ചു റവന്യുയും ദേവസ്വവും എന്ന രണ്ട് വത്യസ്ത വകുപ്പുകൾ നിലവിൽ വന്നു.റവന്യു വകുപ്പിൽ മേല്പറഞ്ഞ സമുദായങ്ങൾക്ക് ജോലി നൽകാനും സർക്കാർ തയ്യാറായി.
NSS സ്ഥാപകരായ മന്നത്തു പദ്മനാഭനും കേരളാ ഗാന്ധി കെ.കേളപ്പനും 1924ഇൽ വൈക്കത്തും 1931ഇൽ ഗുരുവായൂരും നടന്ന സത്യാഗ്രഹങ്ങൾക്കു നേതൃത്വം നൽകി അയിത്തോച്ചാടന പ്രസ്ഥാനത്തിന് ശക്തിയേകി .ചേഞ്ച് ഡോട്ട് ഓർഗിലോ ഫേസ്ബുക്കിലോ പോസ്റ്റിട്ടു ഇന്നായിരുന്നേൽ ഈ ഇതിഹാസ നായകർ പുഷ്പം പോലെ 45K ലൈക്ക് മേടിച്ചേനെ.പറഞ്ഞു വന്നത് അല്പം ചരിത്രബോധം ഉണ്ടെങ്കിൽ തമ്മിൽ കൈ പിടിച്ചും കൈത്താങ്ങ് കൊടുത്തുമൊക്കെ തന്നെയാണ് കേരളം സമൂഹം ഉണർന്നു മുന്നേറിയത് എന്ന് ആർക്കും മനസിലാക്കാം .കാള പെറ്റു എന്ന് പോസ്റ്റിട്ടാൽ ലൈക്ക് അടിക്കുന്ന ഈ കാലത്തു ഇതൊക്കെ ആരോട് പറയാനാണ് എന്റെ സെയിന്റ് തോമസ് പുണ്യാളാ