സ്പൊണ്ടേനിയസ് ആയിട്ടു എഴുതി പിടിപ്പിച്ചപ്പോ സിംപ്ലിസിറ്റി വേണം പോലും .പോരാത്തേന് സിംബോളിക് ആയാലും മതിയെന്ന് .എങ്കി ആയിക്കോട്ടെ എന്ന് ഞാനും….
ഇന്ത്യൻ എക്സ്പ്രസ്സിന്റെ സപ്പ്ലിമെന്റിൽ സ്ട്രിപ്പായിട്ടാണ് സ്പൈഡർമാനെ ആദ്യം കാണുന്നത് പിന്നെ അങ്ങോട്ട് കാർട്ടൂണായിട്ടും സിനിമായിട്ടും കണ്ടിട്ടും മടുപ്പ് തോന്നിയിട്ടില്ല.കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ ഇത് മൂന്നാമത്തെ സ്പൈഡർമാനെ ആണ് സിനിമയിൽ കാണുന്നത്.നേരെ നിന്ന് ഉമ്മ വെക്കാൻ പോലും വകുപ്പില്ലാതിരുന്ന കാലത്താണ് തല തിരിഞ്ഞു കിടന്നു ഉമ്മ വെച്ച് ടോബി മഗ്‌യറിന്റെ സ്‌പൈഡർമാൻ കടന്ന് വരുന്നത്.പിന്നെങ്ങനെ ആരാധന തോന്നാതിരിക്കും?മൂന്നാമത്തെ പടം ആയപ്പോഴേക്കും സാം റൈമി തനിക്കൊണം കാണിച്ചു സീൻ ഡാർക് ആക്കി തുടങ്ങിയ കൊണ്ട് ആണെന്ന് തോന്നുന്നു സോണി പുതിയൊരുത്തനെ വലയിൽ കെട്ടി ഇറക്കാൻ തീരുമാനിച്ചത്.ഗാർഫീൽഡ് പയ്യൻ വല്യ തരക്കേടില്ലയിരുന്നു.ചില സമയത്തു അവൻ ഷാ രുഖ് ഖാന്റെ ആരാധകൻ ആണോ എന്ന് വരെ സംശയം തോന്നിപ്പിക്കും വിധം ആയിരുന്നു പ്രകടനം.ഇടയ്ക്കു എപ്പോഴോ കി കി കിരൺ എന്ന് വരെ അവൻ പറഞ്ഞോ എന്ന് എനിക്ക് തോന്നാതിരുന്നില്ല.പയ്യന്റെ ആദ്യത്തെ സ്‌പൈഡർമാൻ പടം വല്യ തരക്കേടില്ലായിരുന്നു എങ്കിലും രണ്ടാമത്തെ പടം അത്ര മോശം ആയിരുന്നില്ല എന്ന് ഞാൻ പറഞ്ഞാൽ പക്ഷപാതം ആണെന്ന് ചിലർക്കെങ്കിലും തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ലെങ്കിലും സോണി ഗാർഫീൽഡിനെ വെച്ച് പടം പിടിക്കുന്നില്ല എന്ന് കേട്ടപ്പോൾ ഞാൻ അല്പം നിരാശനാകാതിരുന്നില്ല എന്ന് പറഞ്ഞാൽ അസത്യം ആകും അത് .സിംപിൾ അല്ലേ ഇപ്പോഴും?
അത് എന്ത് തേങ്ങാ ആയാലും ഇനി മൂന്നാമത് ഒരുത്തനെ സ്പൈഡർമാനായി വേഷം കെട്ടിക്കാൻ മാത്രം വേറെ ഒരു മാനും ഇല്ലാത്ത എന്താണ് സ്‌പൈഡർമാന് ഉള്ളത് എന്ന് ചോദിച്ചാൽ ഉത്തരം മാർവെൽ സിനിമാറ്റിക് യൂണിവേഴ്‌സ് അല്ലാതെ മറ്റൊന്നുമല്ല.റോബർട്ട് ഡൗണി ജൂണിയർ അഥവാ അയൺ മാൻ എന്ന സൂപ്പർഹീറോയെ തുറുപ്പു ചീട്ടായി ഇറക്കി എത്ര പടം ഇനി വിജയിപ്പിക്കാം എന്ന ആലോചന സ്റ്റുഡിയോ മൊതലാളിമാർക്കു വന്നാൽ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല.എതിരാളികളായ ഡിസി ഉടനെ എങ്ങും എന്തായാലും മർവെലിന്റെ അടുത്തു ഓടി എത്തില്ലെങ്കിലും തങ്ങളുടെ ഏറ്റവും പ്രസിദ്ധനായ ഹീറോയെ സോണിയിൽ നിന്ന് കൈമാറി കിട്ടാതെ എം സി യൂ എന്ന ആശയം പൂർത്തി ആക്കാനും സൂപ്പർ ഹീറോ യോണർ കുത്തക ആക്കാൻ മാർവെലിനും ആവുമായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.മിനി സ്ക്രീനിലും സ്ട്രീമിങ് സൈറ്റുകളിലും മാർവെൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.അവിടെയും മാർവെൽ യൂണിവേഴ് എന്ന പ്രമേയം തന്നെയാണ് അവർ പിന്തുടർന്നത്.
കാപ്റ്റൻ അമേരിക്ക : സിവിൽ വാറിൽ അരങ്ങേറ്റം നടത്തിയ ടോം ഹോളണ്ട് സ്‌പൈഡർമാൻ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ സ്‌പൈഡർമാൻ അഥവാ പീറ്റർ പാർക്കർ ആണ്.ഇതിനു മുൻപ് കണ്ട പല ക്ലിഷേകളും മാർവെൽ പുതിയ സ്പൈഡർമാനിൽ ഒഴിവാക്കുന്നു എന്ന സൂചന സിവിൽ വാറിൽ തന്നെ തന്നിരുന്നുവെങ്കിലും അയൺ മാന്റെ രക്ഷാകർത്താവ് അവതാരം എനിക്ക് അത്ര ദഹിച്ചിരുന്നില്ല.പ്രായത്തിൽ ബാക്കി അവഞ്ചേഴ്‌സ് സ്പൈഡർമാനെക്കാളും മൂത്തത് ആണെങ്കിലും ജനപ്രീതിയുടെ കാര്യത്തിൽ അവരെക്കാൾ കാതങ്ങൾ മുന്നിലാണ് സ്പൈഡി. സൂപ്പർ ഹീറോ പടങ്ങളൂം സിജിഐ ആക്ഷൻ രംഗങ്ങളും കണ്ടു പതം വന്ന കാണികൾക്കു പുതുമ ഉള്ള അവതരണവും ത്രസിപ്പിക്കുന്ന സീനുകളും കൊണ്ട് മോശമല്ലാത്ത ഒരു അനുഭവം കൊടുക്കാൻ ഹോം കമിങ്ങിനു കഴിയും എന്നാണ് എന്റെ വിശ്വാസം.സ്‌പൈഡർമാൻ ടുവിലെ ട്രെയിൻ രംഗത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഫെറി രംഗം ഉണ്ടെങ്കിലും അവിടെയും അയൺ മാൻ വന്നു കേറി വല്യേട്ടൻ ചമഞ്ഞതു എനിക്ക് സത്യം പറഞ്ഞാൽ അത്ര പിടിച്ചില്ല.പിന്നെ എടുത്തു പറയാൻ ഉള്ളത് മൈക്കിൾ കീറ്റൺന്റെ റോൾ ആണ്.ബാറ്റുമാനും ബേർഡ്മാനും ആയി തിളങ്ങിയ കീറ്റൺ ആ രണ്ടു കഥ പത്രങ്ങളുടെയും നിറഭേദങ്ങൾ ഉള്ള വളച്ചർ എന്ന വില്ലൻ കഥാപാത്രത്തിന് തന്റേതായ മാനങ്ങൾ നൽകിയിട്ടുണ്ട്.മാർവെൽ സിനിമകളിൽ അല്പം രാഷ്ട്രീയം എപ്പോഴും പ്രകടം ആയിരുന്നുവെങ്കിലും സ്പഷ്ടമായി ഒരു ഡയലോഗിൽ ആദ്യമായി അത് കണ്ടതും കീറ്റൺന്റെ ഇൻട്രോ സീനിൽ ആയിരുന്നു.
ഇതിൽ കൂടുതൽ സിംപിളാക്കാൻ എന്നെ കൊണ്ട് പറ്റൂല്ല .തൽക്കാലം ദിത് വെച്ച് അഡ്ജസ്റ് ചെയ്യണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു .